ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം
കോഴിക്കോട്: മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശംപകര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ കോഴിക്കോട്ടെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. അവസാനഘട്ട ചര്‍ച്ച ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ നടന്നു. ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ട് കളിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.
കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കരാര്‍ ഒപ്പുവെക്കേണ്ടത്. അതിന്റെ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നാണ് കെഎഫ്എ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലും അനുകൂല പ്രതികരണമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഫെബ്രുവരി 14 നാണ് ഐഎസ്എലിന്റെ കിക്ക് ഓഫ്. കൊച്ചിയില്‍ നടക്കുന്ന ചില മല്‍സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ 2019 മുതല്‍ ക്ലബ്ബ് ആലോചിച്ചിരുന്നു. എന്നാല്‍, വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. പുതിയ സീസണില്‍ മുഴുവന്‍ മല്‍സരങ്ങളും കോഴിക്കോട്ടേക്ക് മാറ്റാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ആറോ ഏഴോ ഹോം മല്‍സരങ്ങളാണ് നടക്കുക. ചെലവുചുരുക്കലിന്റെകൂടി ഭാഗമായിക്കൂടിയാണ് മല്‍സരങ്ങള്‍ നടത്തുന്നത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന സൂപ്പര്‍ ക്രോസ് ബൈക്ക് റേസിങ് മല്‍സരത്തിനുശേഷം പുല്‍ ഭാഗികമായി നശിച്ചിരുന്നു. അതിനാല്‍ ഐഎസ്എല്‍ തുടങ്ങുന്നതിനുമുന്‍പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് മല്‍സരത്തിന് യോഗ്യമാക്കും.
