ഐഎസ്എല്‍: റഫറിയിങ് പിഴവുകള്‍;എഐഎഫ്എഫിന് പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

എടികെ മോഹന്‍ ബഗാന്‍ എഫ്സിയുമായുള്ള മല്‍രത്തിലെ റഫറിയിങ് പിഴവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങളില്‍ റഫറിയിങ് പിഴവുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ക്ലബ് ഔദ്യോഗികമായി പരാതി നല്‍കാനുള്ള തീരുമാനം എടുത്തത്

Update: 2021-02-02 14:01 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റഫറിയിങ് നിലവാരം കുറയുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഔദ്യോഗികമായി പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍ എഫ്സിയുമായുള്ള മല്‍രത്തിലെ റഫറിയിങ് പിഴവുകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മല്‍സരങ്ങളില്‍ റഫറിയിങ് പിഴവുകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ക്ലബ് ഔദ്യോഗികമായി പരാതി നല്‍കാനുള്ള തീരുമാനം എടുത്തത്.

പ്രത്യേകിച്ചും, എടികെ മോഹന്‍ ബഗാനുമായുള്ള മത്സരത്തിനിടെയുണ്ടായ സംഭവങ്ങള്‍. നിരവധി പിഴവുകളാണ് ഈ മത്സരത്തിനിടെ സംഭവിച്ചതെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞു. എടികെ താരം മന്‍വീര്‍ സിങിന്റെ ഹാന്‍ഡ് ബോളാണ് അവരുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. കോര്‍ണര്‍ സമയത്ത് എടികെ മോഹന്‍ ബഗാന്‍ ഗോള്‍ കീപ്പര്‍, ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പറെ തള്ളിയിട്ടിരുന്നു. ഇതൊന്നും റഫറിയുടെ പരിഗണനയില്‍ വന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിനെ സമീപിച്ചത്.ഇതുപോലുള്ള അബദ്ധ തീരുമാനങ്ങള്‍ മുന്‍ മല്‍സരങ്ങളിലും റഫറിമാര്‍ എടുത്തിരുന്നു.

സീസണ്‍ തുടക്കത്തില്‍, ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരായ സമനില മത്സരങ്ങളില്‍ റഫറിയിങിലെ പാളിച്ചകള്‍ മല്‍സര ഫലത്തെ നേരിട്ട് ബാധിച്ചിരുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് എഫിസി മാനേജ്‌മെന്റ് പറഞ്ഞു.ഞായറാഴ്ച മുതല്‍ നടന്ന സംഭവങ്ങളെത്തുടര്‍ന്ന്, റഫറിയിങ് നിലവാരത്തെ കുറിച്ച് അറിയിക്കുന്നതിന് ഇക്കാര്യം എഐഎഫ്ഫിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റഫറിയിങ് ഗുണനിലവാരത്തിലെ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഐഎഫ്എഫുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് പറഞ്ഞു.ഗെയിം സ്പിരിറ്റ് എല്ലായ്പ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതിനായി ക്ലബ്ബിന്റെ പരിധിക്കകത്ത് നിന്ന് എല്ലാം ചെയ്യാന്‍ ക്ലബ്ബ് സന്നദ്ധരാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.

Tags: