ഐഎസ്എല്‍ പ്രതിസന്ധി; പ്രധാനമന്ത്രി ഇടപെടണമെന്ന് ഈസ്റ്റ് ബംഗാള്‍

Update: 2025-11-21 12:20 GMT

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഇപ്പോള്‍ വലിയ ചോദ്യമായി മാറുകയാണ്. ഐഎസ്എല്ലിന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം രാജ്യത്തെ വിശാലമായ ഫുട്‌ബോള്‍ ഘടനയെ തന്നെ ബാധിക്കാന്‍ തുടങ്ങി. ആഭ്യന്തര ലീഗുകള്‍ക്കു പുറമേ ദേശീയ ടീമും ആശങ്കാജനകമായ തകര്‍ച്ചയിലാണ്. ഐഎസ്എലിന് സ്‌പോണ്‍സര്‍മാരെ തേടിയുള്ള ടെന്‍ഡര്‍ കാലാവധി കഴിഞ്ഞ 7ന് അവസാനിച്ചെങ്കിലും കമ്പനികളൊന്നും വരാതിരുന്നതോടെയാണ് ലീഗ് പ്രതിസന്ധിയിലായത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയുടെ നാഴികക്കല്ലായി ഒരിക്കല്‍ കണക്കാക്കപ്പെട്ടിരുന്ന ഐഎസ്എല്ലിന് താല്‍പ്പര്യം ആകര്‍ഷിക്കുന്നതിലെ പരാജയം ഞെട്ടിക്കുന്നതാണ്. ലീഗിന്റെ സ്ഥിരതയെയും ഭാവി ദിശയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. പുതിയ സീസണിന് സ്ഥിരീകരിക്കപ്പെട്ട ആരംഭ തീയതിയില്ലാത്തതിനാല്‍, ടൂര്‍ണമെന്റ് നിലവില്‍ അനിശ്ചിതത്വത്തിലാണ്, കളിക്കാരെയും ക്ലബ്ബുകളെയും ആരാധകരെയും ഒരുപോലെ നിരാശയിലാക്കുന്നതാണിത്.

ലീഗിന്റെ ഭാവിയില്‍ വ്യക്തത തേടി 12 ഐഎസ്എല്‍ ക്ലബ്ബുകള്‍ സംയുക്തമായി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ ലഭിക്കാത്തതിന്റെ കാരണവും ടെന്‍ഡര്‍ നിബന്ധനകളില്‍ വരുത്തേണ്ട മാറ്റവും ബിഡ് ഇവാല്യുവേഷന്‍ കമ്മിറ്റി റിപോര്‍ട്ട് രൂപത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. ഇപ്പോഴിതാ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ഈസ്റ്റ് ബംഗാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് കത്തെഴുതി. നിലവിലെ അനിശ്ചിതത്വം ഫുട്‌ബോള്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് പ്രസിഡന്റ് മുരാരി ലാല്‍ ലോഹ്യ കത്തില്‍ പറഞ്ഞു.

'ഐഎസ്എല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തതയില്ല. ഈ അനിശ്ചിതത്വം വ്യാപകമായ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്, കായികരംഗത്തിന്റെ സമഗ്രതയെയും ഭാവിയെയും ഇത് ഭീഷണിപ്പെടുത്തുന്നുവെന്ന് കത്തില്‍ പറയുന്നു. കോര്‍പ്പറേറ്റ് പിന്തുണയില്‍ ഗുരുതരമായ ഇടിവ് ഉണ്ടായതായി ക്ലബ്ബ് ചൂണ്ടിക്കാട്ടി, ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഈസ്റ്റ് ബംഗാള്‍ ബിസിസിഐയോട് ഒരു അപൂര്‍വ അഭ്യര്‍ത്ഥന നടത്തിയിരുന്നു. നിക്ഷേപം കുറയുന്നതും ഭരണപരമായ അനിശ്ചിതത്വവും കണക്കിലെടുത്ത് കായികരംഗത്തെ സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് കുറച്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ഫുട്‌ബോളിനെ 'സ്‌പോണ്‍സര്‍' ചെയ്യണമെന്ന് ദേബബ്രത സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.




Tags: