ഐഎസ്എല്‍ പ്രതിസന്ധി, കേന്ദ്ര കായിക മന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്

Update: 2025-12-03 06:46 GMT

ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രകായിക മന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്. ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം ഡല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കും. ഐഎസ്എല്‍ ഉള്‍പ്പെടെ ആഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള(എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് നിലവിലെ ഐ.എസ്.എല്‍ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് പിന്‍മാറിയത്.

പുതിയ സ്‌പോണ്‍സര്‍മാര്‍ക്കായി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും രംഗത്തെത്തിയില്ല. ഐഎസ്എല്‍ എന്ന് തുടങ്ങുമെന്ന് ആര്‍ക്കും വ്യക്തതയില്ലാതായി. ആശങ്കയറിച്ച് താരങ്ങളും പരിശീലകരും രംഗത്തെത്തി. ഇതോടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്ര കായിക മന്ത്രി മുന്‍സൂഖ് മാണ്ഡവ്യ വിളിച്ച യോഗത്തില്‍ എഐഎഫ്എഫ് ഭാരവാഹികളും ഐ.എസ്.എല്‍ ക്ലബ് അധികൃതരും മുന്‍ വാണിജ്യ പങ്കാളികളും പങ്കെടുക്കും.

സുപ്രിം കോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവുവും യോഗത്തില്‍ പങ്കെടുത്തേക്കും. പുതിയ ടെന്‍ഡര്‍ തയ്യാറാക്കിയ ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ കെ.പി.എം.ജിയോടും യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.