2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറുന്നു; പകരം എത്തുക ഈ ടീം
തെഹ്‌റാന്‍: 2026ല്‍ അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് ഇറാന്‍ പിന്‍മാറാന്‍ ഒരുങ്ങുന്നു. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് രാജ്യം ലോകകപ്പില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കിയത്.
അമേരിക്കയും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകള്‍ ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ന് സംഭവിച്ച കാര്യങ്ങളും അമേരിക്കയുടെ ആക്രമണവും കണക്കിലെടുക്കുമ്പോള്‍, ഇനി ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക എന്നത് അസാധ്യമാണ്. എങ്കിലും കായിക മേധാവികളാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്- മെഹ്ദി താജ് ഇറാനിയന്‍ ടെലിവിഷനോട് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളില്‍ ഇറാനും ഉള്‍പ്പെടുന്നുണ്ട്. 2025-ല്‍ നടന്ന ലോകകപ്പ് ഡ്രോ ചടങ്ങില്‍ പോലും വിസ ലഭിക്കാത്തതിനെത്തുടര്‍ന്ന് മെഹ്ദി താജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ജി-യില്‍ ന്യൂസിലന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. ജൂണ്‍ 15-ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലന്‍ഡിനെതിരെയും, 21-ന് ബെല്‍ജിയത്തിനെതിരെയും, 26-ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയുമാണ് അമേരിക്കയിലെ ഇറാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിന്‍മാറിയാല്‍ ആ കോണ്‍ഫെഡറേഷനിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നല്‍കാം. അങ്ങനെ വന്നാല്‍ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കാം. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.
മറ്റൊരു സാധ്യതയനുസരിച്ച് ഇറാഖിനെ നേരിട്ട് ഇറാന്റെ സ്ഥാനത്തേക്ക് മാറ്റുകയും, ഇറാഖിന് പകരം യുഎഇയെ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ-ഓഫ് കളിപ്പിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ ജനറല്‍ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്‌സ്‌ട്രോം അറിയിച്ചു.

