റിയാദ്: ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ സൗദി അറേബ്യ വിട്ട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തന്റെ 750 കോടിയുടെ ആഡംബര സ്വകാര്യ ജെറ്റിലാണ് റൊണാള്‍ഡോ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപോര്‍ട്ട്. പങ്കാളി ജോര്‍ജിന റോഡ്രിഗസ്, അഞ്ച് കുട്ടികള്‍ എന്നിവരോടൊപ്പം റിയാദിലാണ് റൊണാള്‍ഡോ താമസിച്ചിരുന്നത്.
സൗദി ക്ലബ്ബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോ യൂറോപ്പിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് പോയതെന്ന് ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മാഡ്രിഡിലേക്കാണ് താരവും കുടുംബവും പറന്നതെന്നാണ് വിവരം. ഫെബ്രുവരി 28-ന് റിയാദില്‍ ഉണ്ടായ ശക്തമായ സ്ഫോടനങ്ങളെയും ഡ്രോണ്‍ ആക്രമണങ്ങളെയും തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹം യൂറോപ്പിലെ സുരക്ഷിതമായ ഒരിടത്തേക്ക് മാറിയത്. യുദ്ധസാഹചര്യം കാരണം സൗദി പ്രോ ലീഗ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റൊണാള്‍ഡോയെ കൂടാതെ മറ്റ് പ്രമുഖ വിദേശ താരങ്ങളും നിലവിലെ സാഹചര്യത്തില്‍ ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ട്. സാദിയോ മാനെ, ജാവോ ഫെലിക്സ്, കരിം ബെന്‍സെമ തുടങ്ങിയ താരങ്ങളും സൗദി ലീഗില്‍ കളിക്കുന്നവരാണ്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിമാനങ്ങളിലൊന്നായ ഗള്‍ഫ് സ്ട്രീം ജി650-ലാണ് റോണോയും കുടുംബവും സൗദിയില്‍നിന്ന് പറന്നത്. ഏകദേശം 750 കോടി രൂപയാണ് ഈ ആഡംബര വിമാനത്തിന്റെ വില. 'പറക്കുന്ന കൊട്ടാരം' എന്ന് വിളിക്കപ്പെടുന്ന ഈ വിമാനത്തില്‍ ഒരേസമയം 19 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. റിയാദില്‍നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്കാണ് വിമാനം പറന്നതെന്നാണ് വിവരം. ഏകദേശം ഏഴ് മണിക്കൂര്‍ നീണ്ട യാത്ര ഈജിപ്തിനും മെഡിറ്ററേനിയന്‍ കടലിനും മുകളിലൂടെയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെട്ട വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെ മാഡ്രിഡില്‍ എത്തി.
