അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മല്‍സരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല; സൂപ്പര്‍ താരമില്ലാതെ പോര്‍ച്ചുഗല്‍ കളത്തിലേക്ക്

Update: 2026-03-21 07:23 GMT

ലിസ്ബന്‍: ലോകകപ്പിനു മുന്നോടിയായി അരങ്ങേറുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് പിന്‍മാറ്റം. കാലിനേറ്റ പരിക്കാണ് റൊണാള്‍ഡോയ്ക്കു വിലങ്ങായത്. മെക്സിക്കോ, യുഎസ്എ ടീമുകള്‍ക്കെതിരെയാണ് പോര്‍ച്ചുഗല്‍ സൗഹൃദ പോരാട്ടത്തിനൊരുങ്ങുന്നത്. ഈ മാസം 29നാണ് മെക്സിക്കോയ്ക്കെതിരായ പോരാട്ടം. ഏപ്രില്‍ ഒന്നിന് പോര്‍ച്ചുഗല്‍ യുഎസ്എയുമായും ഏറ്റുമുട്ടും.

പരിക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ റിസ്‌കെടുക്കാനില്ലെന്നും പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് വ്യക്തമാക്കി. രണ്ടോ മൂന്നോ ആഴ്ച സൂപ്പര്‍ താരത്തിനു വിശ്രമം വേണ്ടി വരുമെന്നും പരിശീലകന്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു സൗദിയിലടക്കം എല്ലാ കായിക പോരാട്ടങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനമാണ് താരം സൗദി പ്രൊ ലീഗ് ടീം അല്‍ നസറിനായി കളത്തിലിറങ്ങിയത്.




Tags: