ചരിത്രത്തിലാദ്യമായി എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടം നേടി ഇന്റര്‍ മയാമി

Update: 2025-11-30 04:52 GMT

വാഷിങ്ടണ്‍: മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടം ചൂടി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി. ന്യൂയോര്‍ക്ക് സിറ്റി എഫ്സിയെ ഏകപക്ഷീയമായ 5-1നാണ് തകര്‍ത്ത്. അര്‍ജന്റീനന്‍ മുന്നേറ്റ താരം ടാഡിയോ അലെന്‍ഡെ ഹാട്രിക്ക് നേടി. സഹ അര്‍ജന്റീനന്‍ താരങ്ങളായ മാറ്റിയോ സില്‍വെറ്റി, തെലാസ്‌കോ സെഗോവിയ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഇതോടെ ഇന്റര്‍ മയാമി ചരിത്രത്തിലെ ആദ്യത്തെ എംഎല്‍എസ് കപ്പ് ഫൈനലിലേക്കാണ് എത്തിയിരിക്കുന്നത്. സാന്‍ ഡിയേഗോ എഫ്‌സി യുമ വാന്‍കോവര്‍ വൈറ്റ് കാപ്‌സുമായി നടക്കുന്ന മല്‍സരത്തിലെ വിജയകളെയാവും ഇന്റര്‍മയാമി ഫൈനലില്‍ നേരിടുക.

ഇതോടെ 38കാരനായ അര്‍ജന്റീനന്‍ ഇതിഹാസ താരം തന്റെ കരിയറിലെ ആകെ ട്രോഫികളുടെ എണ്ണം 47 ആയി ഉയര്‍ത്തി. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കീരീടം ചൂടിയ താരമെന്ന പദവിയിലേക്ക് മെസിയെത്തി. മല്‍സരത്തില്‍ ഗോളൊന്നും നേടിയില്ലെങ്കിലും ഒരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചാണ് മെസി മടങ്ങിയത്. മല്‍സരത്തിലെ അസിസ്റ്റിലൂടെ ക്ലബ്ബിനും രാജ്യത്തിനുമായി ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുഷ്കാസിനെ മെസി മറികടന്നു. മെസിയുടെ 405ാം അസിസ്റ്റാണ് ഇന്ന് പിറന്നത്. ഡിസംബര്‍ ആറിന് ചേസ് സ്റ്റേഡിയത്തില്‍ വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് ചാംപ്യന്‍മാര്‍ക്കെതിരേ നടക്കുന്ന എംഎല്‍എസ് കപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കാന്‍ മയാമിക്ക് കഴിയും. ലീഗ്‌സ് കപ്പും സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കിയ ശേഷം, മെസി യുഗത്തിലെ ഇന്റര്‍ മിയാമിയുടെ മൂന്നാമത്തെ കിരീടമാണ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കിരീടം.

മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്റര്‍മയാമി മുന്നിലെത്തി. 13ാം മിനിറ്റില്‍ ടാഡിയോ അലെന്‍ഡെയാണ് ഗോള്‍ നേടിയത്. 23ാം മിനിറ്റില്‍ അലെന്‍ഡെയുടെ രണ്ടാം ഗോളും പിറന്നു. ആല്‍ബയുടെ അസിസ്റ്റില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്. എന്നാല്‍ 37ാം മിനിറ്റില്‍ ന്യൂയോര്‍ക്ക് സിറ്റി തിരിച്ചടിച്ചു. ജസ്റ്റിന്‍ ഹാകിലൂടെയായിരുന്നു ഗോള്‍. എന്നാല്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 67ാം മിനിറ്റില്‍ ഇന്റര്‍ മയാമി മൂന്നാം ഗോള്‍ നേടി. മാറ്റിയോ സില്‍വെറ്റി ലയണല്‍ മെസിയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ നേടിയത്. 83ാം മിനിറ്റില്‍ ആല്‍ബയുടെ അസിസ്റ്റില്‍ നിന്നും ടെലാസ്‌കോ സെഗോവിയ അടുത്ത ഗോള്‍ നേടി. 89ാം മിനിറ്റില്‍ ഫൈനല്‍ വിസിലിനു തൊട്ടുമുന്‍പ് അലെന്‍ഡെ തന്റെ ഹാട്രിക് ഗോളും പൂര്‍ത്തിയാക്കി.

Tags: