ഇന്ത്യന്‍ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

Update: 2023-07-12 10:42 GMT
കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരവുമായ സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റണ്‍ താരം റെസ ഫര്‍ഹാത്തിനെയാണ് സഹല്‍ ജീവിത പങ്കാളിയാക്കിയത്. നേരത്തെ കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ക്ലബ്ബിലെ സഹതാരങ്ങള്‍ക്ക് വേണ്ടി സഹല്‍ പ്രത്യേക സല്‍ക്കാരം നടത്തിയേക്കുമെന്നാണ് സൂചനകള്‍. അതേ സമയം ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന സഹലിനും, വധുവിനും ആശംസകള്‍ അറിയിച്ച് ആരാധകരും രംഗത്തെത്തി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊല്‍ക്കത്തന്‍ വമ്പന്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. കരാര്‍ കാര്യത്തില്‍ ബാക്കി നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റര്‍ ബോയാണ് സഹല്‍. താരവുമായി 2025 വരെ മഞ്ഞപ്പടയ്ക്ക് കരാറുണ്ട്. ഇതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ഇനത്തില്‍ നല്‍കിയാവും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് സഹലിന്റെ സേവനം സ്വന്തമാക്കുന്നത്. നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.5 കോടി രൂപ സഹലിനെ വില്‍ക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ ഫീയായി ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ഈ കരാര്‍ നടക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി സഹല്‍ മാറുമെന്നാണ് സൂചന.

രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് 2017 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും സഹലിന്റെ പേരിലാണ്. 97 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ സഹല്‍ കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ താരം 9 അസിസ്റ്റുകളും കരസ്ഥമാക്കി. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലെത്തിയ 2021-22 സീസണില്‍ ഉജ്ജ്വല പ്രകടനമായിരുന്നു സഹലിന്റെത്. സമീപകാലത്ത് ഇന്ത്യന്‍ ദേശീയ ടീമിനൊപ്പവും ഉജ്ജ്വല പ്രകടനങ്ങളാണ് സഹല്‍ പുറത്തെടുക്കുന്നത്. ഇന്ത്യ കിരീടം ചൂടിയ സാഫ് കപ്പിലുള്‍പ്പെടെ താരം മിന്നിത്തിളങ്ങി. 2019 ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സഹല്‍ 30 മത്സരങ്ങളാണ് ഇതുവരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്.3 ഗോളുകളും കരസ്ഥമാക്കി.





Tags:    

Similar News