ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മുംബൈയോടും തോല്‍വി; കൊച്ചിയിലും താളം കിട്ടാതെ കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വിയേറ്റു വാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഗോള്‍ അടിക്കാതെയും ഗോള്‍ വഴങ്ങാതെയും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മികവ് തെളിയിച്ചിരുന്നു.
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഡയസ് എടുത്ത പെനാല്‍റ്റി കിക്ക് തടുത്തിട്ട് അര്‍ഷ് അന്‍വര്‍ ഷെയ്ക്കും മഞ്ഞപ്പടയ്ക്ക് ആദ്യ പകുതിയില്‍ ആഘോഷിക്കാനുള്ള വക നല്‍കി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച ഉടനെ തന്നെ ലാലിയന്‍സുവാല ചാങ്തെയിലൂടെ മുംബൈ ഗോള്‍ നേടി.47ാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്.
ആക്രമിച്ച് കളിക്കാന്‍ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും മുംബൈ സിറ്റിക്കുമായി. എന്നാല്‍ ഗോള്‍ വല കുലുക്കുന്നതില്‍ രണ്ട് ടീമും ആദ്യ 45 മിനിറ്റ് നിരാശപ്പെടുത്തി. 37ാം മിനിറ്റില്‍ വിക്ടര്‍ ബൊര്‍ട്ടോമിയുവിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സിനായി വന്നു. തന്റെ മുന്‍പില്‍ ബൗണ്‍സ് ചെയ്ത പന്ത് സൃഷ്ടിച്ച അപകടം ഒഴിവാക്കാന്‍ മുംബൈ സിറ്റി ഗോള്‍ കീപ്പര്‍ ഫുര്‍ബ ലാചെന്‍പയ്ക്കായി.
26ാം മിനിറ്റിലാണ് ഡയസിന്റെ പെനാല്‍റ്റി അര്‍ഷ് അന്‍വര്‍ തടഞ്ഞിട്ടത്. ബോക്‌സിനുള്ളില്‍ ഡയസിനെ ഡാനിഷ് ഫൗള്‍ ചെയ്തതിനാണ് മുംബൈക്ക് പെനാല്‍റ്റി അനുവദിച്ചത്. വിങ്ങുകളിലൂടെ മികച്ച മുന്നേറ്റം നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനെയാണ് ആദ്യ പകുതിയില്‍ കണ്ടത്. നവോച്ചയുടേയും സന്ദീപിന്റേയും ഓവര്‍ലാപ്പിങ് റണ്ണുകള്‍ കൊറുവിനേയും നിഹലിനേയും തുണച്ചു. എന്നാല്‍ ക്രോസുകളുടെ നിലവാരം ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് നാലും. ആദ്യ പകുതിയിലെ ഷോട്ട് കണക്കില്‍ മുംബൈയേക്കാള്‍ മുന്‍പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. സീസണിലെ ആദ്യ മത്സരത്തില്‍ 85 മിനിറ്റ് വരെ ഒരു ഷോട്ട് പോലും ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് വന്നിരുന്നില്ല. സീസണിലെ രണ്ടാമത്തെ മത്സരത്തിലേക്ക് എത്തുമ്പോള്‍ അതില്‍ നിന്നും മെച്ചപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് പുറത്തെടുത്തത്.
