ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി; കാഫ നേഷന്‍സ് കപ്പില്‍ ഇറാനോട് പൊരുതി തോറ്റു

Update: 2025-09-01 14:39 GMT

ഹിസോര്‍: കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ലോക റാങ്കിങില്‍ 20ാം സ്ഥാനത്തുള്ള ഇറാനോട് ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. റാങ്കിങില്‍ 133ാം സ്ഥാനത്തുള്ള ഇന്ത്യ ആദ്യ പകുതിയില്‍ മികച്ച പ്രതിരോധം തീര്‍ത്ത് ഇറാനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളടിച്ച് ഇറാന്‍ തിരിച്ചടിക്കുകയായിരുന്നു. കോച്ച് ഖാലിദ് ജമീലിന് കീഴില്‍ ഇന്ത്യ ആദ്യ മല്‍സരത്തില്‍ താജികിസ്താനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മല്‍സരത്തിലാണ് പുതിയ കോച്ച് ആദ്യ തോല്‍വി രുചിച്ചത്.

59ാം മിനിറ്റില്‍ ആമിര്‍ ഹൊസനാണ് ഇറാനായി അക്കൗണ്ട് തുറന്നത്. ബോക്സിന് മുന്നില്‍നിന്ന് സാദെഗന്‍ നല്‍കിയ പന്ത് ആമിര്‍ ഹൊസന്‍ വലയിലെത്തിക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇറാന് ഗോള്‍ കണ്ടെത്താനായത്. 89-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ അലി അലിപോര്‍ ഇറാന്റെ ലീഡ് ഇരട്ടിയാക്കി. അധികസമയത്തിന്റെ ആറാംമിനിറ്റില്‍ ഇന്റര്‍ മിലാന്‍ താരം മെഹ്ദി തരിമികൂടെ ഗോള്‍ നേടിയതോടെ ഇറാന്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു.

ഇറാന്‍ ഇന്ത്യയുടെ പ്രതിരോധത്തെ ഭേദിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല. പ്രതിരോധനിര തകര്‍ന്ന ഘട്ടങ്ങളില്‍ ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് രക്ഷയായി. അതേസമയം ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരമായി അപകടം വിതയ്ക്കാന്‍ തുറക്കാന്‍ അവര്‍ക്കായി.





Tags: