കൊളംബോ: സാഫ് അണ്ടര്‍-17 ചാംപ്യന്‍ഷിപ്പില്‍ പാകിസ്താനെ 3-2ന് തോല്‍പ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇരു ടീമുകളും ഇതിനകം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും, നിര്‍ണായകമായ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് ആവേശകരമായിരുന്നു. മല്‍സരത്തിന്റെ 31-ാം മിനിറ്റില്‍ നായകന്‍ വാങ്ഖെം ഡെന്നി സിംഗിന്റെ പാസില്‍ ദലാല്‍മുന്‍ ഗാങ്ടെ ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. എന്നാല്‍, പിന്നീട് പാകിസ്താന്‍ ശക്തമായി തിരിച്ചുവന്നു. ഇന്ത്യന്‍ പെനാല്‍റ്റി ബോക്‌സില്‍ വെച്ച് ഹംസ യാസിറിനെ വീഴ്ത്തിയതിന് പാകിസ്താന് പെനാല്‍റ്റി ലഭിച്ചു.
43-ാം മിനിറ്റില്‍ മുഹമ്മദ് അബ്ദുള്ള പെനാല്‍റ്റി ഗോളാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്‍ ബിബിയാനോ ഫെര്‍ണാണ്ടസിന്റെ ടീം വീണ്ടും ലീഡ് നേടി. 63-ാം മിനിറ്റില്‍ ശുഭം പൂനിയയുടെ പാസില്‍ ഗുണ്‍ലൈബ വാങ്ഖീരക്പാം ഇന്ത്യക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. എന്നാല്‍ ഏഴ് മിനിറ്റിന് ശേഷം പാകിസ്താന്‍ വീണ്ടും സമനില ഗോള്‍ നേടി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മനശ്‌ജ്യോതി ബറുവയുടെ കൈയ്യില്‍ നിന്ന് വഴുതിപ്പോയ പന്ത് ഹംസ യാസിര്‍ പാകിസ്താന് വേണ്ടി വലയിലാക്കി.
74-ാം മിനിറ്റില്‍ രാഹന്‍ അഹമ്മദ് ഇന്ത്യക്ക് വേണ്ടി വിജയ ഗോള്‍ നേടി. ഭൂട്ടാനെതിരെയുള്ള അവസാന മല്‍സരത്തില്‍ വിജയ ഗോള്‍ നേടിയതും രാഹനായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനം നേടി. നേരത്തെയുള്ള രണ്ട് മല്‍സരങ്ങളില്‍ ഇന്ത്യ മാലിദ്വീപിനെ 6-0നും ഭൂട്ടാനെ 1-0നും തോല്‍പ്പിച്ചിരുന്നു. സെപ്റ്റംബര്‍ 25-ന് നടക്കുന്ന സെമിഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
