ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ അന്താരാഷ്ട്ര നിലവാരം ദയനീയമായി തുടരുന്നു. ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ 133ാം സ്ഥാനത്തേക്ക് വീണു. സമീപ കാലത്തെ മോശം പ്രകടനങ്ങളാണ് ടീമിനു വലിയ തിരിച്ചടിയായി മാറിയത്. വനിതാ ഫുട്‌ബോള്‍ ടീം മികച്ച നേട്ടങ്ങളുമായി മുന്നേറുന്നതിനിടെയാണ് പുരുഷ ടീമിന്റെ ദയനീയ സ്ഥിതി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് അടുത്ത വര്‍ഷത്തെ വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ടീം യോഗ്യത സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ പുറത്തിറക്കിയ റാങ്കിങില്‍ ടീം 126ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് വീണ്ടും താഴേക്ക് പതിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്കാണ് ടീം വീണത്. 2016- 17 സീസണിലാണ് ഇതിനു മുന്‍പ് ടീം 130നു മുകളില്‍ സ്ഥാനത്തേക്ക് പതിച്ചത്. വിരമിച്ച ഇതിഹാസ താരം സുനില്‍ ഛേത്രിയെ തിരികെ വിളിച്ചു വീണ്ടും കളിപ്പിക്കേണ്ട അവസ്ഥ വരെ ടീമിനുണ്ടായി. അന്താരാഷ്ട്ര മല്‍സരങ്ങളിലെ തുടരെയുള്ള മോശം പ്രകടനത്തിനിടെയാണ് മറ്റൊരു തിരിച്ചടിയിലൂടെ ടീം കടന്നു പോകുന്നത്.
ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് രാജി വച്ചിരുന്നു. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മനോലോ സ്ഥാനമൊഴിഞ്ഞത്. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാചിന്റെ പിന്‍ഗാമിയായാണ് മനോലോ ടീമിന്റെ കോച്ചായത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇന്ത്യ കാഴ്ചവച്ചത് മോശം പ്രകടനമായിരുന്നു. ഇക്കാലയളവില്‍ കളിച്ച എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നു ഒരു വിജയം മാത്രമാണ് ഇന്ത്യ നേടിയത്.ജൂണ്‍ 10-ന് നടന്ന 2027 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനോടും ഇന്ത്യ പരാജയപ്പെട്ടു.
