പാകിസ്താനെ വിലക്കിയാല്‍ ഇന്ത്യയ്ക്കും വിലക്ക് വന്നേക്കും

Update: 2019-02-22 05:54 GMT

മുംബൈ: പുല്‍വാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വരുന്ന ലോകകപ്പില്‍ പാകിസ്താനെ വിലക്കണമെന്നാവശ്യപ്പെടാന്‍ പോകുന്ന ഇന്ത്യക്ക് പണികിട്ടിയേക്കും. മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്ന ഇന്ത്യയ്ക്കായിരിക്കും ആദ്യ വിലക്ക് വരാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സര്‍ക്കാരില്‍ നിന്ന് ബിസിസിഐക്ക് താക്കീത് വന്നിട്ടുണ്ട്. ലോകകപ്പില്‍ നിന്ന് പിന്‍മാറുന്നത് ഇന്ത്യക്ക് ദോഷം ചെയ്യും. അത് പാകിസ്താന് ഗുണം ചെയ്യും. ശിക്ഷാ നടപടികളടക്കം ധാരാളം കടുത്ത തീരുമാനങ്ങള്‍ ഐസിസിയില്‍ നിന്നുണ്ടാവും-റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാനിരിക്കെയാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ തിടുക്കത്തില്‍ ലോകകപ്പ് മല്‍സരത്തെ സംബന്ധിച്ച തീരുമാനം എടുക്കില്ല. ഇന്ന് ദുബായില്‍ നടക്കുന്ന ഐസിസിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തും. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ ലോകകപ്പ് മല്‍സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ഹര്‍ഭജന്‍ സിങ്, സൗരവ് ഗാംഗുലി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.




Tags: