ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ജര്‍മ്മനിയും നെതര്‍ലന്റസും, പോളണ്ടും സ്ലോവാകിയയും പ്ലേ ഓഫ് കളിക്കണം

Update: 2025-11-18 06:52 GMT

ബെര്‍ലിന്‍: 2026 ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ജര്‍മ്മനിയും നെതര്‍ലന്റസും. സ്ലോവാക്യയോട് തോറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ തുടങ്ങിയ ജര്‍മനി അതേ സ്ലോവാക്യയെ അവസാന മല്‍സരത്തില്‍ വീഴ്ത്തി 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനു നേരിട്ട് യോഗ്യത ഉറപ്പിച്ചു. ഹോം പോരാട്ടത്തില്‍ മറുപടിയില്ലാത്ത 6 ഗോളുകല്‍ക്കാണ് ജര്‍മനി ജയിച്ചു കയറിയത്. ആദ്യ മല്‍സരത്തില്‍ ചരിത്രത്തിലാദ്യമായി ജര്‍മനിയെ വീഴ്ത്തി ഞെട്ടിച്ചാണ് സ്ലോവാക്യ ലോകകപ്പ് യോഗ്യതാ പോരാട്ടം തുടങ്ങിയത്. എന്നാല്‍ അവസാന പോരാട്ടത്തില്‍ തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ നാണംകെട്ട തോല്‍വിയും അവര്‍ക്ക് അറിയേണ്ടി വന്നു.

ടീമിന്റെ നിലവിലെ പ്രകടനത്തില്‍ ജര്‍മന്‍ മാധ്യമങ്ങളും ആരാധകരും ദേശീയ ടീമിനെതിരെയും കോച്ച് ജൂലിയന്‍ നാഗല്‍സ്മാനെതിരേയും വലിയ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജര്‍മനി ഇറങ്ങിയത്. നിലവിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ആദ്യമായി അവര്‍ ടീമെന്ന നിലയില്‍ ഒന്നിച്ചു പൊരുതി. പരാജയപ്പെട്ടിരുന്നെങ്കില്‍ പ്ലേ ഓഫ് കളിച്ച് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കേണ്ടി വരുമെന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയെങ്കിലും കളി പുരോഗമിക്കവേ ജര്‍മനി പടി പടിയായി കളി പിടിച്ചാണ് മൈതാനത്ത് അധീശത്വം ഉറപ്പിച്ചത്. പരാജയപ്പെട്ടെങ്കിലും സ്ലോവാക്യയ്ക്കു ഇനിയും പ്രതീക്ഷയുണ്ട്. പ്ലേ ഓഫ് കളിച്ച് അവര്‍ക്ക് ലോകകപ്പിനെത്താം.

ഇരട്ട ഗോളുകളുമായി ജര്‍മ്മനിയ്ക്കായി ലിറോയ് സനെ തിളങ്ങി. ഗോളടിച്ചും അവസരമൊരുക്കിയും സനെ മിന്നും ഫോമിലാണ് പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്നു ലക്സംബര്‍ഗിനെതിരെ കളിക്കാതിരുന്ന ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച് തിരിച്ചെത്തിയതോടെ ജര്‍മനി കൂടുതല്‍ കരുത്താര്‍ജിച്ചു. കളിയുടെ തുടക്കം മുതല്‍ അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള നീക്കങ്ങളാണ് ജര്‍മനി നടത്തിയത്. സ്ലോവാക് പ്രതിരോധത്തെ ഛിന്നഭിന്നമാക്കി ഗോള്‍ നേടുകയായിരുന്നു തന്ത്രം. അതിന്റെ ഫലം 18ാം മിനിറ്റില്‍ തന്നെ അവര്‍ക്ക് കിട്ടുകയും ചെയ്തു.

18ാം മിനിറ്റില്‍ വലതു വിങിലെ കോര്‍ണര്‍ വരയ്ക്കു തൊട്ടടുത്തു നിന്നു സനെ പൊക്കിയിട്ട പന്തിനെ വലയിലേക്ക് ഹെഡ്ഡ് ചെയ്തു തിരിച്ചുവിട്ട് നിക്ക് വാള്‍ടര്‍മാഡെയാണ് ജര്‍മനിയ്ക്ക് ലീഡൊരുക്കിയത്. 29 മിനിറ്റില്‍ സെര്‍ജ് ഗ്‌നാബ്രി ജര്‍മനിയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. 36, 41 മിനിറ്റുകളിലാണ് സനെ ഇരട്ട ഗോളുകള്‍ നേടിയത്.രണ്ടാം പകുതിയില്‍ നാഗല്‍സ്മാന്‍ പകരക്കാരായി ഇറക്കിയവരാണ് ആറ് ഗോളുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്തിയത്. യുവ താരങ്ങളായ റിഡ്ല്‍ ബകു 67ാം മിനിറ്റിലും ജര്‍മന്‍ സെന്‍സേഷന്‍ അസ്സന്‍ വെദ്രോഗോ 79 ലും ഗോള്‍ നേടി പട്ടിക തികച്ചു.

ഇതില്‍ വെദ്രോഗോ ഒരു അനുപമ നേട്ടവും സ്വന്തമാക്കി. താരത്തിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. പകരക്കാരനായി അവസാന ഘട്ടത്തില്‍ ഇറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ താരം വല ചലിപ്പിച്ചു. ജര്‍മനിയ്ക്കായി ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വെദ്രോഗോ മാറി. ജമാല്‍ മുസിയാലയാണ് റെക്കോര്‍ഡില്‍ ഒന്നാമത് നില്‍ക്കുന്നത്.

ലിത്വാനിയയെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കു വീഴ്ത്തിയാണ് നെതര്‍ലന്‍ഡ്സ് യോഗ്യത ഉറപ്പിച്ചത്. ടിജാനി റയിന്‍ഡേഴ്സ്, കോഡി ഗാക്പോ, ഷാവി സിമോണ്‍സ്, ഡോണിയെല്‍ മാലന്‍ എന്നിവരുടെ ഗോളുകളാണ് ഡച്ച് സംഘത്തിനു ജയം സമ്മാനിച്ചത്. ക്രൊയേഷ്യയും ലോകകപ്പ് സീറ്റുറപ്പാക്കി. മോണ്ടെനെഗ്രോയെ അവര്‍ 2-3നു വീഴ്ത്തിയാണ് യോഗ്യത സ്വന്തമാക്കിയത്. ഇതേ സ്‌കോറില്‍ പോളണ്ട് മാള്‍ട്ടയെ വീഴ്ത്തിയെങ്കിലും അവര്‍ പ്ലേ ഓഫ് കളിക്കണം.





Tags: