ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയില്‍
കൊച്ചി: വരാനിരിക്കുന്ന ഫുട്ബോള്‍ സീസണിന് മുന്നോടിയായി ടീമിന്റെ ആക്രമണനിരയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ജര്‍മ്മന്‍ മുന്നേറ്റനിര താരം മര്‍ലോണ്‍ റൂസ് ട്രൂജിലോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും വിങ്ങറായും ഒരേപോലെ തിളങ്ങാന്‍ ശേഷിയുള്ള മര്‍ലോണിന്റെ സാന്നിധ്യം ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് പുതിയ വേഗതയും വൈവിധ്യവും നല്‍കും. കളി മെനയുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഈ ഇരുപത്തിയഞ്ചുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളില്‍ തന്നെ ടീമിനൊപ്പം ചേരുന്ന മര്‍ലോണ്‍ പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കും.
യൂറോപ്യന്‍ ഫുട്ബോളിലെ മികച്ച അനുഭവസമ്പത്തുമായാണ് മര്‍ലോണ്‍ കൊച്ചിയിലെത്തുന്നത്. പ്രമുഖ ജര്‍മ്മന്‍ ക്ലബ്ബായ 1. FSV മൈന്‍സ് 05-ന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്ന അദ്ദേഹം, പിന്നീട് അവരുടെ രണ്ടാം നിര ടീമിനായും ബൂട്ട് കെട്ടി. തുടര്‍ന്ന് ക്രൊയേഷ്യന്‍ ക്ലബ്ബായ എച്ച്.എന്‍.കെ വുകൊവാര്‍ 1991-ലേക്ക് ചേക്കേറിയ താരം അവിടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. തന്റെ കരിയറില്‍ ഇതുവരെ കളിച്ച 130 മല്‍സരങ്ങളില്‍ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ജര്‍മ്മനിയുടെ അണ്ടര്‍-18, അണ്ടര്‍-19 ദേശീയ ടീമുകളെ പ്രതിനിധീകരിച്ചിട്ടുള്ള മര്‍ലോണ്‍ സാങ്കേതികമായി ഏറെ മികവുള്ള കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.
മര്‍ലോണിന്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞതിങ്ങനെ... ''കളിക്കളത്തിലെ ശാന്തതയും സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവുമാണ് മര്‍ലോണിന്റെ പ്രത്യേകത, നിര്‍ണ്ണായക നിമിഷങ്ങളില്‍ ടീമിന് വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മര്‍ലോണിനെ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു.'' അദ്ദേഹം പറഞ്ഞു.
