ആരാധകരുടെ കടുത്ത പ്രതിഷേധം; ഇസ്രായേല്‍ ഫോര്‍വേഡ് ഷോണ്‍ വൈസ്മാനെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി ജര്‍മ്മന്‍ ക്ലബ്ബ്

Update: 2025-08-08 05:40 GMT

ബെര്‍ലിന്‍: ഇസ്രായേല്‍ ഫോര്‍വേഡ് ഷോണ്‍ വൈസ്മാനെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ജര്‍മ്മന്‍ ബുണ്ടസാലീഗ് 2 ക്ലബ്ബ് ഫോര്‍റ്റിയുനാ ഡസെല്‍ഡോര്‍ഫ്. ആരാധകരുടെ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ക്ലബ്ബ് തീരുമാനം പിന്‍വലിച്ചത്. കരാര്‍ ഒപ്പുവയ്ക്കാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ താരത്തിന്റെ ഗസയ്‌ക്കെതിരായ പോസ്റ്റുകള്‍ ചൂണ്ടികാണിച്ച് ആരാധകര്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്ലബ്ബ് കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. നിലവില്‍ സ്‌പെയിനില്‍ ഗ്രനേഡ ക്ലബ്ബിന് വേണ്ടിയാണ് താരം കളിക്കുന്നത്.

ഗസയെ ലോകഭൂപടത്തില്‍ നിന്ന് തുടച്ച് നീക്കുമെന്നും 200 ടണ്‍ ബോംബുകള്‍ അതില്‍ ഇടാനും ഷോണ്‍ വൈസ്മാന്‍ ആഹ്വാനം ചെയ്ത പോസ്റ്റുകള്‍ ആരാധകര്‍ പുറത്ത് വിട്ടിരുന്നു. പിന്നീട് ഷോണ്‍ ഈ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. 2023ല്‍ ഗ്രനേഡയില്‍ ചേര്‍ന്നപ്പോഴും ഗസയ്‌ക്കെതിരായ നിലപാടിനെ തുടര്‍ന്ന് താരത്തിനെതിരേ ശക്മായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ താന്‍ രാജ്യത്തിന്റെ നിലപാടിനൊപ്പമാണെന്നും കളിക്കുന്നിടത്തെല്ലാം ഇസ്രായേല്‍ പതാക വഹിക്കുന്നത് തുടരുമെന്നും താരം പറഞ്ഞു.

Tags: