ആരാധകരെ പ്രകോപിപ്പിച്ചു; ബെയ്‌ലിന് വിലക്കിന് സാധ്യത

Update: 2019-02-14 18:55 GMT
മാഡ്രിഡ്: വെയ്ല്‍സ് സൂപ്പര്‍ വിങര്‍ ഗരേത് ബേലിന് സ്പാനിഷ് ലീഗില്‍ വിലക്കിന് സാധ്യത. റയല്‍ മാഡ്രിഡ് താരമായ ബെയ്ല്‍ ലാലിഗയിലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയതാണ് വിലക്കിന് കാരണം. കഴിഞ്ഞ മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ റയല്‍ 3-0ത്തിന് ജയിച്ചിരുന്നു. ഇതില്‍ 70ാം മിനിറ്റിലാണ് ബെയ്ല്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്. റയലിലെ ബെയ്‌ലിന്റെ 100ാം ഗോളായിരുന്നു ഇത്. ഗോള്‍ അടിച്ച ഉടനെ ബെയ്ല്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. വലതു കൈ മുട്ട് മടക്കി മേല്‍പ്പോട്ട് ഉയര്‍ത്തുകയും തുടര്‍ന്ന് ഇതിന് മുകളില്‍ ഇടത് കൈ വച്ചു പൊന്തിക്കുകയും ചെയ്തു. സ്‌പെയിനില്‍ ഇത്തരത്തിലുള്ള ആംഗ്യഭാഷ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത്‌ലറ്റിക്ക് മാഡ്രിഡ് ആരാധകരെ ഇത് പ്രകോപിപ്പിച്ചു എന്നാണ് റഫറി പാനലിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിനായി കേസ് സ്പാനിഷ് ലീഗ് അതോററ്റിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുറ്റം കണ്ടെത്തുകയാണെങ്കില്‍ നാലു മുതല്‍ 12 കളികളില്‍ നിന്ന് വിലക്ക് ലഭിക്കും. ഇപ്പോള്‍ മിന്നും ഫോമിലുള്ള ബെയ്‌ലിന് വിലക്ക് വന്നാല്‍ ഇത് അദ്ദേഹത്തിന് കരിയറില്‍ വന്‍ ഇടിവിന് കാരണമായേക്കും. ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളും സ്പാനിഷ് ലീഗ് മല്‍സരങ്ങളും അരങ്ങേറുന്ന ഈ സീസണില്‍ വിലക്ക് ലഭിച്ചാല്‍ റയലിനും ഇത് കനത്ത തിരിച്ചടിയാവും. 2013ലാണ് ബെയ്ല്‍ ടോട്ടനമില്‍ നിന്നും റയലിലേക്ക് ചേക്കേറിയത്.

Similar News