ഇന്ത്യന്‍ ഫുട്‌ബോളിന് വിലക്കിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു

എന്നാല്‍ ഇടക്കാല കമ്മിറ്റിയുടെ കരടില്‍ ഐ ലീഗാണ് ഒന്നാം ഡിവിഷന്‍. ഇത് തുടരണമെന്നാണ് കമ്മിറ്റിയുടെ വാദം.

Update: 2022-07-19 18:36 GMT

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫയുടെ വിലക്ക് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. വിലക്ക് ഒഴിവാക്കാനുള്ള വഴികളും എഐഎഫ്എഫിന് മുന്നില്‍ അടഞ്ഞിരിക്കുകയാണ്. എഐഎഫ്എഫ് ഭരണഘടനാ കരട് ഉടന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പിന്നീട് അനുമതി വാങ്ങിയ പുതിയ തിരഞ്ഞെടുപ്പും നടത്തണം. തുടര്‍ന്ന് പുതിയ കമ്മിറ്റിയെയും നിയോഗിക്കണം. ഇത് നടന്നാല്‍ മാത്രമേ വിലക്ക് ഒഴിവാകുകയുള്ളൂ. എന്നാല്‍ സുപ്രിം കോടതി നിയോഗിച്ച താല്‍ക്കാലിക ഭരണ സമിതിയാണ് കരട് തയ്യാറാക്കിയത്.ഇതിന് സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകളില്‍ നിന്ന് എതിര്‍പ്പും നേരിടേണ്ടി വന്നിട്ടുണ്ട്. എഐഎഫ്എഫിന്റെ വിപണന പങ്കാളികളായ എഫ്എസ്ഡിഎല്ലും കരടിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ കരട് നിയമലംഘനമാണെന്നാണ് എഫ്എസ്ഡിഎല്ലിന്റെ വാദം. എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള ധാരണ പ്രകാരം ഐഎസ്എല്ലിനെ ആദ്യ ലീഗാക്കി മാറ്റുമെന്നാണ്. എന്നാല്‍ ഇടക്കാല കമ്മിറ്റിയുടെ കരടില്‍ ഐ ലീഗാണ് ഒന്നാം ഡിവിഷന്‍. ഇത് തുടരണമെന്നാണ് കമ്മിറ്റിയുടെ വാദം. ഇതിനെതിരേയാണ് എഫ്എസ്ഡിഎല്‍ കോടതിയെ സമീപിച്ചത്.




Tags: