സൗഹൃദ മല്‍സരം; ഇന്ത്യ ഇന്ന് മാലിദ്വീപിനെതിരേ; സുനില്‍ ഛേത്രി ഇറങ്ങും

Update: 2025-03-19 06:22 GMT

ഷില്ലോങ് : സുനില്‍ ഛേത്രി അത്ഭുതം കാട്ടുമെന്ന വിശ്വാസത്തില്‍ ഇന്ത്യ കളത്തിലേക്ക്. രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് മാലദ്വീപാണ് എതിരാളി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും കാണാം.

ഒരുവര്‍ഷംമുമ്പ് കുപ്പായമഴിച്ച മുന്നേറ്റക്കാരന്‍ ഛേത്രിയെ മടക്കിവിളിച്ചാണ് ഇന്ത്യയുടെ വരവ്. ഈ നാല്‍പ്പതുകാരന്‍ മാന്ത്രികദണ്ഡ് വീശി വിജയവഴി കാട്ടുമെന്നാണ് പരിശീലകന്‍ മനോലോ മാര്‍ക്വസിന്റെ പ്രതീക്ഷ. ഇന്ത്യ ജയമറിഞ്ഞിട്ട് ഒന്നരവര്‍ഷമായി. കഴിഞ്ഞ 12 കളിയില്‍ ജയമില്ല. 2023 നവംബറില്‍ കുവൈത്തിനെതിരെയാണ് അവസാനമായി ജയിച്ചത്. 25ന് ബംഗ്ലാദേശുമായി ഇതേ വേദിയില്‍ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരവുമുണ്ട്. മാലദ്വീപിനെതിരെ മികച്ച ജയത്തോടെ ഈ കളിക്ക് ഒരുങ്ങാനാണ് ലക്ഷ്യം.

എല്ലാ കണ്ണുകളും ഛേത്രിയിലേക്കാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും കൂടുതല്‍ മത്സരത്തിലിറങ്ങിയ താരവുമാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് കുവൈത്തിനെതിരായ മത്സരത്തോടെ രാജ്യാന്തരവേദി വിട്ടിരുന്നു. പിന്നാലെ ഏഷ്യന്‍ കപ്പിലും ലോകകപ്പ് യോഗ്യതയിലും പുറത്തായ ഇന്ത്യ ഇഗര്‍ സ്റ്റിമച്ചിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. സ്പാനിഷുകാരനും ഐഎസ്എല്ലില്‍ എഫ്സി ഗോവയുടെ കോച്ചുമായ മനോലോയെ പകരം ചുമതലയേല്‍പ്പിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല.

മനോലോയ്ക്കുകീഴില്‍ കളിച്ച നാലിലും ജയമില്ല. ആകെ രണ്ടുഗോള്‍മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നനായ ഛേത്രിയെ തിരികെവിളിക്കാന്‍ തീരുമാനിച്ചത്. ഈ ഐഎസ്എല്‍ സീസണില്‍ ബംഗളൂരു എഫ്സിക്കായി 24 കളിയില്‍ 12 ഗോളുണ്ട് ഛേത്രിക്ക്.മാലദ്വീപിനെതിരെ ഇന്ത്യക്ക് അനുകൂലമാണ് കാര്യങ്ങള്‍. ഐഎസ്എല്ലിന്റെ ഇടവേളയിലാണ് കളി. താരങ്ങളെല്ലാം പൂര്‍ണസജ്ജം. മത്സരപരിചയം നന്നായി കിട്ടി. ഇന്ത്യയേക്കാള്‍ 36 പടി താഴെയാണ് റാങ്ക്. ഇന്ത്യ 126ലാണ്. മാലദ്വീപ് 162ലും.

സന്ദേശ് ജിങ്കന്‍, സുഭാശിഷ് ബോസ്, രാഹുല്‍ ബെക്കെ തുടങ്ങിയ പരിചയസമ്പന്നരെല്ലാം ഇന്ത്യന്‍നിരയിലുണ്ട്. ആഷിഖ് കുരുണിയനാണ് മലയാളിസാന്നിധ്യം.






Tags: