വിദേശ താരങ്ങളുടെ പ്രതിഫലം; സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളില്‍ ജിഎസ്ടി റെയ്ഡ്
കൊച്ചി: സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബോള്‍ ക്ലബ്ബുകളുടെ ഓഫിസുകളില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. വിദേശ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. എന്നാല്‍ നിയമപരമായ വഴികളിലൂടെ സുതാര്യമായി നടത്തിയ നിയമനങ്ങളുടെ പേരില്‍ ജിഎസ്ടി അനാവശ്യ ആശങ്ക സൃഷ്ടിക്കുകയാണെന്നു ക്ലബുകള്‍ പറയുന്നു. ഡിസംബര്‍ 23നായിരുന്നു എല്ലാ ക്ലബ്ബ് ആസ്ഥാനങ്ങളിലും പരിശോധന നടന്നത്.
കേരളത്തിലെ കായിക രംഗത്തിനു പുത്തനുണര്‍വ് നല്‍കിയ സൂപ്പര്‍ ലീഗിനെ സംശയമുനയില്‍ നിര്‍ത്തുന്നത് ഫുട്ബോളിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു കാലിക്കറ്റ് എഫ്സി പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നത്തില്‍ മുഖ്യമന്ത്രി, ധനകാര്യ, കായിക മന്ത്രിമാര്‍ ഇടപെടണമെന്നും ക്ലബ്ബ് വ്യക്തമാക്കി.