ഫുട്‌ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

Update: 2025-07-03 09:19 GMT

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ദേശീയ താരം ഡീഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. സ്‌പെയിനില്‍ നടന്ന കാറപകടത്തിലാണ് ലിവര്‍പൂള്‍ മുന്നേറ്റ താരം മരിച്ചത്. 28ാം വയസ്സിലാണ് അന്ത്യം. ജോട്ടയുടെ സഹോദരന്‍ ആന്ദ്ര ജോട്ടയും(26) അപകടത്തില്‍ മരിച്ചു. പോര്‍ച്ചുഗല്‍ രണ്ടാം ഡിവിഷനിലാണ് ആന്ദ്ര ജോട്ട കളിച്ചിരുന്നത്. സഹോദരനും യാത്ര ചെയ്ത ലംമ്പോര്‍ഗനി കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നു പുലര്‍ച്ചെ പ്രാദേശിക സമയം 12.30 ഓടെ ജോട്ട സഹോദരന്‍മാര്‍ സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ടയര്‍ ഊരിത്തെറിക്കുകയും മറിഞ്ഞ കാര്‍ തീപിടിക്കുകയുമായിരുന്നുവെന്ന് ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനിലെ വയ്യദോളിഡ് നഗരത്തില്‍ നിന്ന് 70 മൈല്‍ അകലെ വെച്ചാണ് സംഭവം. റോഡില്‍ നിന്നു പുറത്തേക്ക് തെറിച്ച കാര്‍ പലതവണ മറിയുകയും തീപിടിക്കുകയും ചെയ്തു. അഗ്‌നിശമന സംവിധാനങ്ങളും പോലിസും സ്ഥലത്തെത്തും മുമ്പുതന്നെ സഹോദരന്മാര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.ദീര്‍ഘകാല സൂഹൃത്ത് റൂത്ത് കര്‍ദോസോയെ വിവാഹം ചെയ്ത് രണ്ടാഴ്ചക്കുള്ളിലാണ് ഡിയോഗോയുടെ മരണം. ദീര്‍ഘകാലമായി ഒന്നിച്ചു താമസിക്കുന്ന ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.





Tags: