ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം; ചികിത്സാ പിഴവ് സംബന്ധിച്ച കേസില്‍ വിചാരണ തുടങ്ങി
ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ മറഡോണയുടെ മരണം സംബന്ധിച്ച കേസിലെ വിചാരണ തുടങ്ങി. ചികിത്സാ പിഴവാണ് 60കാരനായിരുന്ന മറഡോണയുടെ മരണകാരണമെന്നാണ് കേസ്. ഇന്നാണ് കേസിലെ വിചാരണ തുടങ്ങിയത്. എട്ട് മെഡിക്കല്‍ ഉദ്ദ്യോഗസ്ഥരാണ് വിചാരണ നേരിടുന്നത്. 2020 നവംബറിലാണ് മറഡോണ മരണപ്പെടുന്നത്.
മസ്തിഷ്‌ക സംബന്ധമായ സര്‍ജറി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. പിന്നീട് മരണത്തില്‍ ദുരൂഹത ആരോപിച്ച് മറഡോണയെ ചികിത്സിച്ചിരുന്ന ന്യൂറോ സര്‍ജന്‍ ലിയോ പോള്‍ഡോ ലൂക്ക്, സൈക്കാട്രിസ്റ്റ് അഗസ്റ്റീന കൊസച്ചോവ്, മറ്റ് ആറ് മെഡിക്കല്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
അശ്രദ്ധമായ പരിചരണമാണ് മരണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. മസ്തിഷ്‌ക സംബന്ധമായ സര്‍ജറിക്ക് ശേഷം അതിവേഗം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ചതും വീട്ടില്‍ അദ്ദേഹത്തിന് മികച്ച പരിചരണം ലഭിക്കാത്തതുമാണ് മരണകാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന മറഡോണയ്ക്ക് പ്രത്യേക ചികിത്സ മെഡിക്കല്‍ ടീം നല്‍കിയില്ല. മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ ഇതിഹാസം താരം മരിക്കില്ലെന്നായിരുന്നു പ്രോസിക്യുഷന്‍ വ്യക്തമാക്കുന്നത്. 120,000ത്തിലധികം മെസ്സേജുകളും ഓഡിയോ ക്ലിപ്പുകളും പ്രോസിക്യുഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
