തുര്‍ക്കിയില്‍ ഫുട്‌ബോള്‍ വാതുവയ്പ്പ്: 1024 കളിക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; എരെന്‍ എല്‍മാലിക്കും സസ്‌പെന്‍ഷന്‍
ഇസ്താംബുള്‍: തുര്‍ക്കിയില്‍ വാതുവയ്പ്പ് വ്യാപകമായതിനെത്തുടര്‍ന്ന് 1024 ഫുട്‌ബോള്‍ കളിക്കാരെ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ (ടിഎഫ്എഫ്) സസ്‌പെന്‍ഡ് ചെയ്തു. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ സ്ഥിരമായി കളിക്കുന്ന ഗലാറ്റ്‌സറെയുടെ ദേശീയ ടീം പ്രതിരോധ താരം എരെന്‍ എല്‍മാലിയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സ്‌പെയിനിനും ബള്‍ഗേറിയയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള തുര്‍ക്കി ടീമില്‍ നിന്ന് എല്‍മാലിയെ ഒഴിവാക്കിയതിനെത്തുടര്‍ന്ന്, കേസില്‍ തന്റെ പങ്കാളിത്തം വിശദീകരിച്ച് 25 വയസുകാരന്‍ എല്‍മാലി തിങ്കളാഴ്ച വൈകി ഇന്‍സ്റ്റാഗ്രാമില്‍ പ്രസ്താവന പോസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷം മുന്‍പ് തന്റെ ടീം ഉള്‍പ്പെടാത്ത ഒരു മത്സരത്തില്‍ വാതുവച്ചതായി എല്‍മാലി ഇതില്‍ സമ്മതിക്കുന്നു. അദ്ദേഹം ഈ വര്‍ഷമാണ് ഗലാറ്റ്‌സറെയില്‍ ചേര്‍ന്നത്.
എല്‍മാലിയും അദ്ദേഹത്തിന്റെ ഗലാറ്റ്‌സറെ സഹതാരം മെറ്റെഹാന്‍ ബല്‍ടാസിയും അച്ചടക്ക കമ്മീഷന് റഫര്‍ ചെയ്ത 1,024 കളിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഡിവിഷനുകളിലെ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍, നിലവിലുള്ള ചാംപ്യന്മാരായ ഗലാറ്റ്‌സറെ മുന്നിട്ടു നില്‍ക്കുന്ന സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തുടരും.
റഫറിമാര്‍ മത്സരങ്ങളില്‍ വ്യാപകമായി വാതുവയ്പ് നടത്തി എന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ കളിക്കാര്‍ക്കെതിരേയും അന്വേഷണം വന്നത് തുര്‍ക്കി ഫുട്‌ബോളിനെ പിടിച്ചുകുലുക്കി. 150ലധികം റഫറിമാര്‍ വാതുവയ്പ് നടത്തിയതായി ആരോപിക്കപ്പെടുന്നു. ഇതില്‍ ഉന്നതതല മത്സരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതിയുള്ള ഏഴ് റഫറിമാരും 15 ഉന്നതതല അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു.
ടോപ്-ടയര്‍ ക്ലബ് ഐപ്സ്പോര്‍ട്ടിന്റെ പ്രസിഡന്റും കാസിംപാസയുടെ മുന്‍ ഉടമയും കേസില്‍ ഉള്‍പ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'തുര്‍ക്കി ഫുട്‌ബോളിനെ എല്ലാ മാലിന്യങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനുമുള്ള കടമ ഞങ്ങള്‍ക്കുണ്ട്,' ഫെഡറേഷന്‍ പ്രസിഡന്റ് ഇബ്രാഹിം ഹാസിയോസ്മനോഗ്ലു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2032 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന് ഇറ്റലിയുമായി ചേര്‍ന്ന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടിയതും, ദേശീയ ടീം യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതും, യൂറോപ്യന്‍ ക്ലബ് മത്സരങ്ങളുടെ വിവിധ ഫൈനലുകളുടെ വേദിയായി ഇസ്താംബുളിനെ യുവേഫ തിരഞ്ഞെടുത്തതും തുര്‍ക്കി ഫുട്‌ബോളിന്റെ സമീപകാലത്തെ കുതിപ്പിന് ഉദാഹരണങ്ങളാണ്. എന്നാല്‍, ഇതിനു മേലെല്ലാം കരിനിഴല്‍ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ വാതുവയ്പ്പ് വിവാദം.

