സ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200 കടന്നു

Update: 2024-11-02 06:31 GMT

മാഡ്രിഡ്: സ്‌പെയിനിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ ലാ ലിഗ ക്ലബ് വലന്‍സിയയുടെ മുന്‍ മധ്യനിര താരവും. യൂത്ത് ക്ലബിന്റെ ഭാഗമായിരുന്ന ജോസ് കാസ്റ്റിലേജോയാണ് (28) മരിച്ചത്. വലന്‍സിയ അണ്ടര്‍ -18 ടീമിലൂടെയാണ് താരം പ്രഫഷണല്‍ ഫുടബോളിലെത്തുന്നത്. രണ്ടാം ഡിവിഷന്‍ ക്ലബുകളായ ടോറെ ലെവന്റെ, പാറ്റേര്‍ണ, എല്‍ഡെന്‍സ്, ബ്യൂണോള്‍, റെകാംബിയോസ് കോളന്‍, സിഡി റോഡ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വലന്‍സിയ അനുശോചിച്ചു.

അതേ സമയം കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ മിന്നല്‍ പ്രളയത്തില്‍ ഇത് വരെ ഇരുനൂറോളം പേരാണ് മരിച്ചത്. രാജ്യത്തുടനീളവും വലിയ ആള്‍ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് നൂറ്റാണ്ടിനിടെ രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ പ്രളയമാണ് സ്‌പെയിനിലുണ്ടായത്. ഒരു വര്‍ഷത്തില്‍ പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂര്‍ കൊണ്ട് പെയ്ത് തീര്‍ന്നത്. പ്രളയത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയല്‍ മഡ്രിഡ്-വലന്‍സിയ മത്സരം മാറ്റിവെച്ചിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി ലാ ലിഗയുടെ നേതൃത്വത്തില്‍ ക്ലബുകള്‍ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്.