ഫൈനലിസിമ പോരാട്ടം ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍; 2026 മാര്‍ച്ച് 27ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍
ദോഹ: 2024ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനയും 2024ലെ യൂറോ കപ്പ് നേടിയ സ്പെയിനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടം ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍. 2026 മാര്‍ച്ച് 27നാണ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം. ലോകകപ്പിനു തൊട്ടുമുന്‍പാണ് ക്ലാസിക്ക് പോരാട്ടത്തിനു അരങ്ങുണരുന്നത്. ഖത്തര്‍ ഫുട്‌ബോള്‍ അധികൃതരാണ് ഫൈനലിസിമ പോരാട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചത്.
ലയണല്‍ മെസിയും സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതാണ് ആരാധകരെ ഈ പോരാട്ടം ആവേശത്തിലാക്കുന്നത്. 2022ല്‍ മെസി ആദ്യമായും 36 വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജന്റീനയും ലോക ചാംപ്യന്‍മാരായ മണ്ണാണ് ലുസൈലിലേത് എന്നതും ആരാധകര്‍ക്ക് വൈകാരികത സമ്മാനിക്കുന്നു.
ഫൈനലിസിമ പോരാട്ടം 90 മിനിറ്റ് മാത്രമായിരിക്കും. പോരാട്ടം സമനിലയില്‍ അവസാനിച്ചാല്‍ എക്സ്ട്രാ ടൈം ഉണ്ടാകില്ല. വിജയിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരിക്കും നിര്‍ണയിക്കുക.ഇംഗ്ലണ്ടിനെ 2-1നു ഫൈനലില്‍ വീഴ്ത്തിയാണ് സ്പെയിന്‍ 2024ലെ യൂറോ കപ്പ് ഉയര്‍ത്തിയത്. കൊളംബിയയെ 1-0ത്തിനു തകര്‍ത്താണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയത്.
നിലവിലെ ഫൈനലിസിമ ചാംപ്യന്‍മാരാണ് അര്‍ജന്റീന. ഇറ്റലിയെ വീഴ്ത്തിയാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. അര്‍ജന്റീനയുടെ രണ്ടാം കിരീടമാണിത്. നേരത്തെ 1993ല്‍ ഡെന്‍മാര്‍കിനെ വീഴ്ത്തിയാണ് അവര്‍ കന്നി കിരീടം സ്വന്തമാക്കിയത്. ഫ്രാന്‍സാണ് പ്രഥമ ചാംപ്യന്‍മാര്‍. 1985ല്‍ അവര്‍ യുറുഗ്വെയെ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇടവേളകളില്‍ മാത്രം നടന്ന ഈ രണ്ട് പോരാട്ടങ്ങള്‍ക്കു ശേഷം 2022 മുതല്‍ വന്‍കര ചാംപ്യന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടം സ്ഥിരമായി നടത്താന്‍ തീരുമാനിച്ചിരുന്നു.
