ഇറ്റലി-ഇസ്രായേല്‍ ലോകകപ്പ് യോഗ്യതാ മല്‍സരം ഈ മാസം 15ന്; സ്റ്റേഡിയത്തില്‍ കൂടുതല്‍ എത്തുക ഫലസ്തീന്‍ അനുകൂല ആരാധകര്‍, വന്‍ സുരക്ഷ

Update: 2025-10-11 07:09 GMT

റോം: ഇറ്റലിക്കെതിരായ ഇസ്രായേലിന്റെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ കനത്ത സുരക്ഷാ ഭീഷണിയില്‍. അടുത്തയാഴ്ച നോര്‍വെ, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്കെതിരെയുള്ള മല്‍സരങ്ങളാണ് പ്രതിഷേധ നിഴലിലായിരിക്കുന്നത്. ഇറ്റലിയിലെ ഉഡിനില്‍ നടക്കുന്ന മല്‍സരത്തില്‍ കാണികളേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുമെന്നാണ് റിപോര്‍ട്ട്. സ്റ്റേഡിയത്തിന് പുറത്ത് വന്‍തോതില്‍ പ്രതിഷേധമുണ്ടാകുമെന്നാണ് പോലിസ് പ്രതീക്ഷിക്കുന്നത്. ഗസ വംശഹത്യയുടെ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ പ്രതിഷേധം അലയടിക്കുന്നത്.

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ കഴിഞ്ഞ ആഴ്ച ഫ്‌ലോറന്‍സിലെ ഇറ്റലിയുടെ പരിശീലന കേന്ദ്രത്തിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ദശലക്ഷക്കണക്കിന് പേര്‍ തെരുവിലിറങ്ങിയ ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു പ്രതിഷേധം. ഇന്നലെവരെ സ്റ്റേഡിയോ ഫ്രിയുലിയില്‍ അടുത്ത ചൊവ്വാഴ്ച നടക്കുന്ന മല്‍സരത്തിന് 4,000 ടിക്കറ്റുകള്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ.

ഇതേത്തുടര്‍ന്ന് മല്‍സരം മാറ്റിവെക്കണമെന്ന് ഉഡിനെ നഗരത്തിന്റെ മേയര്‍ ആല്‍ബെര്‍ട്ടോ ഫെലിസ് ഡി ടോണി ആവശ്യപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടാതിരിക്കാന്‍ ഇറ്റലിക്ക് ഈ മല്‍സരം അനിവാര്യമാണ്. അതിനാല്‍, ഇറ്റലിയുടെ ഭാഗത്തുനിന്ന് ബഹിഷ്‌കരിക്കല്‍ ഉണ്ടാകില്ല. ശനിയാഴ്ച നോര്‍വെ-ഇസ്രായേല്‍ മല്‍സരത്തിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓസ്ലോയിലാണ് മല്‍സരം നടക്കുക. ടിക്കറ്റില്‍ നിന്നുള്ള വരുമാനം ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തേ അറിയിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ നേഷന്‍സ് ലീഗില്‍ ഇറ്റലി ഇസ്രായേലിനെതിരെ ഉഡിനില്‍ കളിച്ചിരുന്നു. കനത്ത പോലിസ് സാന്നിധ്യത്തിനിടയിലും മത്സരത്തിന് മുമ്പ് പലസ്തീന്‍ അനുകൂല പ്രകടനമുണ്ടായിട്ടും അനിഷ്ട സംഭവവും കൂടാതെ മല്‍സരം അവസാനിച്ചു. ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ ഇറ്റലി ഒന്‍പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.ഇസ്രായേല്‍ ഒമ്പത് പോയിന്റുമായി മൂന്നാമതാണ്. ഗ്രൂപ്പ് ജേതാവിന് മാത്രമേ നേരിട്ട് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടാനാകൂ. 2006 ല്‍ ലോകകപ്പ് നേടിയതിനുശേഷം ഇറ്റലിക്ക് ഇതുവരെ നോക്കൗട്ട് ഘട്ടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. നോര്‍വേയ്ക്കെതിരായ നിര്‍ണായക സാന്‍ സിറോ മല്‍സരം ഉള്‍പ്പെടെ നാല് മത്സരങ്ങളുള്ളപ്പോള്‍, ഇറ്റലിക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഇനി ജയിക്കണം.

മല്‍സരം ശാന്തമായ അന്തരീക്ഷത്തിലായിരിക്കില്ലെന്ന് ഇറ്റാലിയന്‍ പരിശീലകന്‍ ജെന്നാരോ ഗട്ടുസോ പറഞ്ഞു. സ്റ്റേഡിയത്തിനുള്ളില്‍ 5,000- 6,000 പേരാണെങ്കില്‍ സ്റ്റേഡിയത്തിന് പുറത്ത് 10,000 പേര് കാണുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.






Tags: