ഫിഫാ ലോകകപ്പ് യോഗ്യത; പ്ലേ ഓഫില്‍ ഇറ്റലിക്ക് അനായാസം, ആദ്യ എതിരാളി നോര്‍ത്തേണ്‍ അയര്‍ലന്റ്
സൂറിച്ച്: കഴിഞ്ഞ രണ്ട് തവണയും യോഗ്യത നേടാനാകാതെ പുറത്തായ ഇറ്റലിക്ക് ഇക്കുറി 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് പ്ലേ ഓ-ഫില്‍ ആദ്യ എതിരാളി നോര്‍ത്തേണ്‍ അയര്‍ലന്റ്്. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് മുന്‍ ജേതാക്കള്‍. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ശേഷിക്കുന്ന ആറ് സ്ഥാനത്തിന് വേണ്ടിയുള്ള പ്ലേ ഓഫ് നറുക്കെടുപ്പാണ് സൂറിച്ചില്‍ നടന്നത്. യൂറോപ്യന്‍ പ്ലേ ഓഫ്-, ഇന്റ കോണ്ടിനെന്റല്‍ പ്ലേ ഓഫ് മല്‍സരക്രമങ്ങള്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മല്‍സരങ്ങള്‍.
യൂറോപ്പില്‍ 16 ടീമുകളാണ് പ്ലേ ഓഫില്‍. നാല് വീതം ടീമുകളുള്ള നാല് ഗ്രൂപ്പ്. ഓരോ ഗ്രൂപ്പിലും രണ്ട് ടീമുകള്‍ തമ്മിലുള്ള സെമിയാണ് ആദ്യം. ജയിക്കുന്ന ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. ജേതാക്കള്‍ ലോകകപ്പിന്. നാല് ടീമുകളാണ് യൂറോപ്പില്‍നിന്ന് കടക്കുക.
ഇറ്റലിയുടെ ഗ്രൂപ്പില്‍ നോര്‍ത്തേണ്‍ അയര്‍ലന്റ്, വെയ്ല്‍സ്, ബോസ്നിയ ഹെര്‍സെഗോവിന ടീമുകളാണ് ഉള്ളത്. ഇറ്റലിയും അയര്‍ലന്റും ആദ്യ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ വെയ്ല്‍സും ബോസ്നിയയും തമ്മിലാണ് ഇതര സെമി. ജേതാക്കള്‍ ഫൈനലില്‍ പോരടിക്കും. കഴിഞ്ഞ രണ്ട് തവണയും ഇറ്റലി പ്ലേ ഓഫില്‍ പുറത്താകുകയായിരുന്നു. മാര്‍ച്ച് 26നാണ് സെമി മല്‍സരങ്ങള്‍. ഫൈനല്‍ 31ന്.ഗ്രൂപ്പ് ബിയില്‍ ഉക്രയ്ന്‍ - സ്വീഡന്‍, പോളണ്ട് - അല്‍ബേനിയ സെമി മല്‍സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് സിയില്‍ തുര്‍ക്കി - റുമേനിയ, സ്ലൊവാക്യ - കൊസോവോ സെമി പോരാട്ടമാണ്. ഡെന്‍മാര്‍ക്ക് - നോര്‍ത്ത് മാസിഡോണിയ, ചെക്ക് റിപ്പബ്ലിക്- റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് സെമി മല്‍സരങ്ങള്‍ ഗ്രൂപ്പ് ഡിയിലും അരങ്ങേറും.
ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ആറ് ടീമുകളാണ്. രണ്ട് ടീമുകള്‍ക്ക് യോഗ്യത. കോംഗോയും ഇറാഖും നേരിട്ട് ഫൈനലിലെത്തി. ഗ്രൂപ്പ് ഒന്നില്‍ ന്യൂ കാലിഡോണിയ - ജമൈക്ക സെമി മത്സരത്തിലെ ജേതാക്കള്‍ കോംഗോയെ നേരിടും. ഗ്രൂപ്പ് രണ്ടില്‍ ബൊളീവിയ -സുരിനാം സെമി ജേതാക്കള്‍ ഇറാഖിനെയും നേരിടും.
