റബാത്ത്: 2026 ഫിഫ ലോകകപ്പിന് യോഗ്യതനേടി ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത്. മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഈജിപ്തിന്റെ ജയം. ആഫ്രിക്കന്‍ മേഖലയില്‍ ഗ്രൂപ്പ് എയില്‍ ഒരു മല്‍സരം ബാക്കി നില്‍ക്കെയാണ് ഈജിപ്ത് യോഗ്യത ഉറപ്പിച്ചത്. ടുണീഷ്യയും മൊറോക്കോയും നേരത്തെ യോഗ്യത നേടിയിരുന്നു. അള്‍ജീരിയ, സെനഗല്‍, ഘാന ടീമുകള്‍ യോഗ്യതക്കരികിലാണ്.
മൊറോക്കോയിലെ കാസബ്ലാങ്കയില്‍ നടന്ന മല്‍സരത്തില്‍ ജിബൂട്ടിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈജിപ്തിന്റെ ജയം. മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, ഇബ്രാഹിം അദെലാണ് മറ്റൊരു ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഈജിപ്ത് തങ്ങളുടെ നാലാമത്തെ ലോകകപ്പിനാണ് യോഗ്യത നേടുന്നത്. 1934, 1990, 2018 എന്നീ വര്‍ഷങ്ങളിലാണ് യോഗ്യത നേടിയിരുന്നത്. ഇതോടെ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന് 2026 ലോകകപ്പില്‍ പന്തുതട്ടാം. 2022ല്‍ അറേബ്യന്‍ മണ്ണില്‍ നടന്ന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ ഈജിപ്തിന് കഴിഞ്ഞിരുന്നില്ല.
എട്ടാം മിനിറ്റില്‍ തന്നെ ഇബ്രാഹിമിലൂടെ ഈജിപ്ത് ലീഡെടുത്തു. സിസോ നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. ആറു മിനിറ്റിനുള്ളില്‍ സലാഹ് ഈജിപ്തിന്റെ ലീഡ് ഇരട്ടിയാക്കി. ഡേവിഡ് ട്രെസെഗെ നല്‍കിയ ത്രൂ ബാളാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് പിരിയുമ്പോള്‍ ഈജിപ്ത് രണ്ടുഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ആറുമിനിറ്റ് ബാക്കി നില്‍ക്കെ 84ാം മിനിറ്റില്‍ സലാഹ് വീണ്ടും വലകുലുക്കി. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ എതിരില്ലാത്ത മൂന്നുഗോളിന് ഈജിപ്ത് 2026 ലോകകപ്പിന് ടിക്കറ്റെടുത്തു.
ഗ്രൂപ്പ് ഐയില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത ഘാന യോഗ്യതക്കായി ഇനിയും കാത്തിരിക്കണം. ഒരു മല്‍സരം ബാക്കിനില്‍ക്കെ യോഗ്യതക്കായി ഒരു പോയന്റാണ് ഘാനക്കുവേണ്ടത്. ഞായറാഴ്ച കൊമോറോസിനെതിരെയാണ് ഘാനയുടെ അവസാന മല്‍സരം. മല്‍സരഫലം എന്തായാലും ഗോള്‍ വ്യത്യാസത്തില്‍ ഘാനക്ക് യോഗ്യതക്ക് സാധ്യതയുണ്ട്. അടുത്ത വര്‍ഷം അമേരിക്കയിലും കനഡയിലും മെക്സിക്കോയിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ലിവര്‍പൂളിനും ഈജിപ്ത്തിനും വേണ്ടി സലാഹിന്റെ മിന്നലാട്ടങ്ങള്‍ തുടരുകയാണ്. ക്ലബ്ബ് സീസണില്‍ മികച്ച തുടക്കമായിരുന്നില്ലെങ്കിലും, ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഈജിപ്ഷ്യന്‍ താരത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. ഒമ്പത് ഗോളുകളാണ് സലാഹ് ഈ യോഗ്യത മല്‍സരങ്ങളില്‍ നേടിയത്. നിലവില്‍ ഗ്രൂപ്പ് എയില്‍ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്.
