സൂറിച്: 2025ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആര്‍ക്കെന്ന് ഇന്നറിയാം. ഇന്ന് രാത്രിയാണ് പ്രഖ്യാപനം. പിഎസ്ജിയ്ക്ക് ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് ട്രോഫി സമ്മാനിക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തി ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയ്ക്കാണ് ഫുട്ബോള്‍ പണ്ഡിതര്‍ സാധ്യത കല്‍പ്പിക്കുന്നത്.
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനുള്ള സാധ്യതയില്‍ ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന്‍ ബോണ്‍മറ്റിയാണ്. കഴിഞ്ഞ രണ്ട് തവണയും മികച്ച വനിതാ താരമായത് ബോണ്‍മറ്റിയാണ്. ഇത്തവണത്തെ വനിതാ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരവും അവര്‍ക്കായിരുന്നു.
മികച്ച പരിശീലകനുള്ള ബാല്ലണ്‍ ഡി ഓര്‍ നേടിയത് പിഎസ്ജി പരിശീലകന്‍ ലൂയീസ് എന്റിക്വെയായിരുന്നു. ഫിഫ പുരസ്‌കാര സാധ്യതയിലും എന്റിക്വെ തന്നെ മുന്നില്‍ നില്‍ക്കുന്നു.