ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി രൂപയാണ് പിഴ. വ്യാഴായ്ചയാണ് ഫിഫയുടെ അച്ചടക്ക സമിതി ഇത് സംബന്ധിച്ച നിര്‍ണ്ണായക റിപോര്‍ട്ട് പുറത്തുവിട്ടത്. ഇസ്രായേലിലെ പ്രമുഖ ക്ലബ്ബായ 'ബീത്താര്‍ ജറുസലേം' ആരാധകര്‍ക്കിടയിലെ വംശീയ അധിക്ഷേപങ്ങള്‍ തടയുന്നതില്‍ അസോസിയേഷന്‍ പരാജയപ്പെട്ടുവെന്ന് ഫിഫ കണ്ടെത്തി. ക്ലബ്ബ് ആരാധകര്‍ നിരന്തരമായി നടത്തുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ ഇസ്രായേല്‍ അസോസിയേഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. അറബ് താരങ്ങളെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപങ്ങളും വംശീയ മുദ്രാവാക്യങ്ങളും കായികരംഗത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് സമിതി നിരീക്ഷിച്ചു. എന്നാല്‍ ബീത്താര്‍ ജറുസലേം ക്ലബ്ബിനെതിരെ നടപടിയില്ല.
പിഴയ്ക്ക് പുറമെ ഇസ്രായേല്‍ അസോസിയേഷന് ഫിഫ കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് ഫിഫ മല്‍സരങ്ങളില്‍ 'ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു - വിവേചനത്തിന് വിട' എന്ന ബാനര്‍ മൈതാനത്ത് പ്രദര്‍ശിപ്പിക്കണം. കൂടാതെ, പിഴത്തുകയുടെ മൂന്നിലൊന്ന് ഭാഗം വിവേചനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ചെലവഴിക്കുകയും വേണം.
2024 ഒക്ടോബറില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഫിഫ അന്വേഷണം ആരംഭിച്ചത്. ഇസ്രായേലിനെ ഫുട്‌ബോളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ഫലസ്തീന്റെ ആവശ്യം ഫിഫ അംഗീകരിച്ചില്ലെങ്കിലും, വിവേചന വിരുദ്ധ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഇസ്രായേല്‍ വീഴ്ച വരുത്തിയതായി സമിതി വ്യക്തമാക്കി. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ ക്ലബ്ബുകള്‍ ഇസ്രായേല്‍ ലീഗില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ നിലവില്‍ നടപടികളൊന്നും വേണ്ടെന്ന് ഫിഫ തീരുമാനിച്ചു. മേഖലയുടെ നിയമപരമായ പദവി അന്താരാഷ്ട്ര തലത്തില്‍ സങ്കീര്‍ണ്ണമായി തുടരുന്നതിനാലാണ് ഈ തീരുമാനം.
