ഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

Update: 2025-07-02 05:50 GMT

ലോസ്ആഞ്ചലോസ്: ഫിഫ ക്ലബ്ബ് ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡ്. 54-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗ്വാര്‍സിയയാണ് സ്പാനിഷ് വമ്പന്‍മാര്‍ക്ക് വേണ്ടി വലകുലുക്കിയത്.പുതിയ സൈനിങ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ അസിസ്റ്റില്‍ നിന്നാണ് ഗ്വാര്‍സിയ സ്‌കോര്‍ ചെയ്തത്.

മല്‍സരത്തിന്റെ തുടക്കത്തില്‍ യുവന്റസ് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പിന്നീടങ്ങോട്ട് റയലിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. റയലിന്റെ 21 ഷോട്ടുകളില്‍ 11 എണ്ണം ഓണ്‍ ടാര്‍ഗറ്റ് ലക്ഷ്യമായി പാഞ്ഞപ്പോള്‍ യുവന്റസിന്റെ ആറ് ഷോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റായത്.കളിയുടെ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങി. പരിക്കുമൂലം കഴിഞ്ഞ മല്‍സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് മോണ്ടെറിയെ 2-1ന് പരാജയപ്പെടുത്തി.



Tags: