ഫിഫാ അറബ് കപ്പ്; ഫലസ്തീന്റെ ചരിത്ര തേരോട്ടം അവസാനിച്ചു; ക്വാര്‍ട്ടറില്‍ സൗദിയോട് കാലിടറി, സിറിയയെ വീഴ്ത്തി മൊറോക്കോ സെമിയില്‍
റിയാദ്: ഫിഫാ അറബ് കപ്പിലെ ഫലസ്തീന്റെ വിജയകുതിപ്പ് അവസാനിച്ചു. ക്വാര്‍ട്ടറില്‍ വമ്പന്‍മാരായ സൗദി അറേബ്യയോട് 2-1നാണ് ഫലസ്തീന്‍ പരാജയപ്പെട്ടത്. ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എക്‌സ്ട്രാടൈമിലെ ഗോളിലാണ് സൗദി ജയിച്ചത്. 115ാം മിനിറ്റില്‍ മുഹമ്മദ് കാനോയാണ് സൗദിയുടെ വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്ത് മല്‍സരം 1-1 എന്ന നിലയില്‍ ആയിരുന്നു. 58ാം മിനിറ്റില്‍ സൗദിയുടെ ഫിറാസ് അല്‍ ബുറെയ്കാന്‍ ആണ് മല്‍സരത്തില്‍ ലീഡ് എടുത്തത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഫലസ്തീന്റെ ഒഡേ ഡബാഗ് ആറ് മിനിറ്റുകള്‍ക്ക് ശേഷം സമനില ഗോള്‍ നേടി. പിന്നീട് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും വിജയഗോള്‍ വന്നില്ല. തുടര്‍ന്നാണ് മല്‍സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടത്. ജോര്‍ദാന്‍-ഇറാഖ് മല്‍സരത്തിലെ വിജയികളാണ് സൗദിയുടെ സെമിഫൈനലിലെ എതിരാളികള്‍. ജോര്‍ദാന്‍-ഇറാഖ് മല്‍സരം ഇന്ന് രാത്രി നടക്കും.
മറ്റൊരു ക്വാര്‍ട്ടറില്‍ സിറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കരുത്തരായ മൊറോക്കോ സെമിയില്‍ പ്രവേശിച്ചു. 79ാം മിനിറ്റില്‍ വലീദ് അസാറോയാണ് മൊറോക്കോയുടെ വിജയഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന അള്‍ജീരിയ-യുഎഇ ക്വാര്‍ട്ടറിലെ വിജയികള്‍ സെമിയില്‍ മൊറോക്കോയെ നേരിടും.
