ഖത്തറിന് വീണ്ടും ഫുട്‌ബോള്‍ മാമാങ്കം; ഫിഫ അറബ് കപ്പ് ഡിസംബര്‍ ഒന്ന് മുതല്‍; അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ മൂന്ന് മുതല്‍
ദോഹ: 2025ല്‍ ഖത്തര്‍ വേദിയാകുന്ന രണ്ട് പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായ ഫിഫ അറബ് കപ്പിന്റെയും ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെയും നറുക്കെടുപ്പ് പൂര്‍ത്തിയായി. ഞായറാഴ്ച്ച ലുസൈലിലെ റാഫിള്‍സ് ഹോട്ടലില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ടൂര്‍ണമെന്റുകളുടെ മത്സര ചിത്രം തെളിഞ്ഞു. ഖത്തര്‍ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ്. യോഗ്യതാ മത്സരങ്ങള്‍ നവംബര്‍ 25നും 26നും നടക്കും. യോഗ്യതാ ഘട്ടത്തില്‍ ഏഴ് നോക്കൗട്ട് മത്സരങ്ങള്‍ ഉണ്ടാകും. വിജയികള്‍ ഫൈനല്‍ ഘട്ടത്തില്‍ ഗ്രൂപ്പുകളിലെ മറ്റ് ടീമുകളുമായി ചേരും. നാല് ഗ്രൂപ്പുകളിലായി 16 ദേശീയ ടീമുകളാണ് അറബ് കപ്പിന്റെ ഫൈനല്‍ ഘട്ടത്തില്‍ മത്സരിക്കുന്നത്.
ഗ്രൂപ്പ് 'എ'യില്‍ ആതിഥേയരായ ഖത്തറിനൊപ്പം, തുനീഷ്യയും പ്ലേ ഓഫ് വഴിയെത്തുന്ന രണ്ട് ടീമുകളുമാണ് കളിക്കുക. 2022 ഫിഫ ലോകകപ്പില്‍ സെമിയിലെത്തി വിസ്മയിപ്പിച്ച മൊറോക്കോ, സൗദി അറേബ്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് 'ബി'യില്‍ കളിക്കും. ശക്തരായ ഈജിപ്ത്, ജോര്‍ഡന്‍, യു.എ.ഇ ടീമുകള്‍ 'ഗ്രൂപ്പ് സി' യില്‍ അണിനിരക്കും. അല്‍ജീരിയ, ഇറാഖ് ടീമുകള്‍ ഗ്രൂപ്പ് 'ഡി'യില്‍ മത്സരിക്കും. ഖത്തര്‍ ദേശീയ ടീം മുന്‍ ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹൈദോസ്, മുന്‍ അല്‍ജീരിയന്‍ താരം റാബഹ് മജര്‍, മുന്‍ സൗദി താരം യാസര്‍ അല്‍ ഖഹ്താനി എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.
നവംബര്‍ 3 മുതല്‍ 27 വരെ നടക്കുന്ന കൗമാര ലോകകപ്പില്‍ ഇത്തവണത്തെ ആദ്യമായി 48 ടീമുകള്‍ 12 ഗ്രൂപ്പുകളായി മാറ്റുരക്കും. ഫിഫ യൂത്ത് ടൂര്‍ണമെന്റുകളുടെ തലവന്‍ റോബര്‍ട്ടോ ഗ്രാസിയാണ് അണ്ടര്‍ 17 ലോകകപ്പ് നറുക്കെടുപ്പിന് നേതൃത്വം നല്‍കിയത്. ഖത്തര്‍ അണ്ടര്‍ 17 കളിക്കാരനായ അബ്ദുല്‍ അസീസ് അല്‍ സുലൈത്തിയും 2014ല്‍ ജര്‍മ്മനിക്കൊപ്പം ലോകകപ്പ് ജേതാവായ ജൂലിയന്‍ ഡ്രാക്സ്ലറും ചടങ്ങില്‍ ഉണ്ടായിരുന്നു. നറുക്കെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തറിനൊപ്പം ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിനൊപ്പം ഏഷ്യന്‍ കരുത്തരായ ജപ്പാനും മൊറോക്കോയുമുണ്ട്. നവാഗതരായ ന്യൂകലെഡോണിയയാണ് നാലാമത്തെ ടീം. സി ഗ്രൂപ്പില്‍ കോസ്റ്റാറിക്ക, ക്രൊയേഷ്യ, സെനഗല്‍, യുഎഇ ടീമുകള്‍ മാറ്റുരയ്ക്കും. അര്‍ജന്റീന കളിക്കുന്ന ഡി ഗ്രൂപ്പില്‍ ബെല്‍ജിയവും ടുണീഷ്യയും ഫിജിയുമാണ് മറ്റു ടീമുകള്‍. ഇ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, ഈജിപ്ത്, വെനസ്വേല, ഹെയ്തി ടീമുകളാണ് ഇറങ്ങുന്നത്. എഫ് ഗ്രൂപ്പില്‍ ഐവറി കോസ്റ്റ്, ദക്ഷിണ കൊറിയ, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ നോക്കൗട്ട് ബെര്‍ത്തിനായി പോരാടും.
നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് ജിയിലാണ്. കൊളംബിയ, എല്‍സാല്‍വദോര്‍, നോര്‍ത്ത് കൊറിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. നാല് തവണ കിരീടം നേടിയിട്ടുള്ള ബ്രസീലിനൊപ്പം ഗ്രൂപ്പ് എച്ചില്‍ ഹോണ്ടുറാസ്, ഇന്തോനേഷ്യ. സാംബിയ ടീമുകളാണുള്ളത്. ഐ ഗ്രൂപ്പില്‍ ചെക് റിപ്പബ്ലിക്കും അമേരിക്കയും തമ്മിലാകും പ്രധാന പോരാട്ടം. ഗ്രൂപ്പ് ജെയില്‍ പരാഗ്വെ, അയര്‍ലന്‍ഡ്, ഉസ്ബെകിസ്താന്‍ എന്നിവര്‍ക്കൊപ്പം പനാമയും പോരിനിറങ്ങും. കാനഡ, ചിലി, യുഗാണ്ട ടീമുകളാണ് കെ ഗ്രൂപ്പില്‍ ഫ്രാന്‍സിനൊപ്പം കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് എല്ലില്‍ ഏഷ്യന്‍ വമ്പന്‍മാരായ സൗദിക്കൊപ്പം ഓസ്ട്രിയയും ന്യൂസിലന്‍ഡും മാലിയുമാണ് മറ്റു ടീമുകള്‍.
12 ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് യോഗ്യത നേടും. ആകെ 104 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഉള്ളത്. ആസ്പയര്‍ സോണ്‍ കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 27ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. അണ്ടര്‍ 17 ലോകകപ്പ് ടിക്കറ്റുകള്‍ വാങ്ങുന്നതിന് ആരാധകര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

