ഫിഫാ അറബ് കപ്പ് ഫൈനല്‍ പോര് ഇന്ന്; മൊറോക്കോയും ജോര്‍ദ്ദാനും നേര്‍ക്കുനേര്‍
ദോഹ: ഫിഫാ അറബ് കപ്പ് കലാശപോര് ഇന്ന്. കരുത്തരായ മൊറോക്കോയും ജോര്‍ദ്ദാനുമാണ് ഏറ്റുമുട്ടുന്നത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കിക്കോഫ്. ലൂസേഴ്‌സ് ഫൈനലില്‍ സൗദി അറേബ്യ യു എ ഇയെ നേരിടും.
സൗദി അറേബ്യയെയും കോമറോസിനെയും കീഴടക്കി ഗ്രൂപ്പില്‍നിന്ന് ഒന്നാമതായി ക്വാര്‍ട്ടറിലെത്തിയ മൊറോക്കോ, സിറിയന്‍ പ്രതിരോധത്തിന്റെ കോട്ട തകര്‍ത്താണ് സെമിയിലെത്തിയത്. സെമിയില്‍ യു എ ഇക്കെതിരെ എണ്ണം പറഞ്ഞ മൂന്നു ഗോളിനാണ് മൊറോക്കോ തരിപ്പണമാക്കിയത്. മികച്ച പ്രതിരോധമൊരുക്കിയും യു എ ഇയുടെ മുന്നേറ്റത്തെ സമ്മര്‍ദത്തിലാക്കിയും അവസരങ്ങള്‍ ഉപയോഗപ്പെടുത്തി എതിരാളികള്‍ക്കെതിരെ നേടിയ വിജയത്തിന്റെ കരുത്തിലാകും ഫൈനലില്‍ മൊറോക്കോ ബൂട്ടുകെട്ടുക.
അതേസമയം, എതിരാളികളായി ഇറങ്ങുന്ന ജോര്‍ദാന്‍ ടൂര്‍ണമെന്റില്‍ എല്ലാ കളിയിലും വിജയമുറപ്പാക്കിയാണ് ഫൈനലിലെത്തിയത്. ഗ്രൂപ് ഘട്ടത്തില്‍ യു എ ഇയും കുവൈത്തിനെയും ഈജിപ്തിനെയും വലിയ വെല്ലുവിളികളില്ലാതെ അനായാസ വിജയവുമായി ക്വാര്‍ട്ടറിലെത്തിയ ജോര്‍ദാന്‍, നാലു തവണ അറബ് ചാമ്പ്യന്മാരായ ഇറാഖിനെയും നിഷ്പ്രഭമാക്കിയാണ് സെമിയിലെത്തിയത്. സെമിയില്‍, മികച്ച ഫോമിലുള്ള സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയ ജോര്‍ഡന് ഫൈനലില്‍ മൊറോക്കോ എതിരാളികളായെത്തുന്നതോടെ മത്സരം കടുക്കും.
