വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു; റൊണാള്‍ഡോയ്ക്ക് ലോകകപ്പിലെ ആദ്യ മല്‍സരം നഷ്ടമാവില്ല

Update: 2025-11-26 06:24 GMT

ലിസ്ബണ്‍:സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പോര്‍ച്ചുഗലിനും ആശ്വാസം. ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ അയര്‍ലന്‍ഡ് താരം ഡാര ഒഷേയയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് റൊണാള്‍ഡോയ്ക്ക് ഫിഫ അച്ചടക്ക സമിതി ഏര്‍പ്പെടുത്തിയ മൂന്ന് മല്‍സരങ്ങളുടെ വിലക്കില്‍ ഫിഫ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ നാല്‍പതുകാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗ്രൂപ്പ് മല്‍സരങ്ങള്‍ മുതല്‍ കളിക്കാം.

നവംബര്‍ പതിമൂന്നിന് നടന്ന മല്‍സരത്തിലാണ് റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത്. 226 മല്‍സരവും രണ്ട് പതിറ്റാണ്ടും നീണ്ട അന്താരാഷ്ട്ര കരിയറില്‍ റൊണാള്‍ഡോയുടെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു ഇത്. ഗുരുതര ഫൗളിന് ഫിഫ അച്ചടക്ക സമിതി റൊണാള്‍ഡോക്ക് മൂന്ന് മല്‍സരത്തില്‍ വിലക്കും ഏര്‍പ്പെടുത്തി. ഇതിനുശേഷം അര്‍മേനിയയ്‌ക്കെതിരെ നടന്ന പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ലോകകപ്പിലെ ആദ്യ രണ്ട് കളി നഷ്ടമാവുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഫിഫ സൂപ്പര്‍ താരത്തിന് ഇളവുനല്‍കിയത്.

മുന്‍പുള്ള നല്ല പെരുമാറ്റം പരിഗണിച്ചാണ് റൊണാള്‍ഡോയ്ക്ക് ഫിഫ ഇളവ് നല്‍കിയത്. രണ്ട് മല്‍സരങ്ങളില്‍ കൂടി ഏര്‍പ്പെടുത്തിയ വിലക്ക് അടുത്ത ഒരു വര്‍ഷത്തേക്കാണ് ഫിഫ മരവിപ്പിച്ചത്. ഇക്കാലയളവില്‍ സമാനമായ കുറ്റം ആവര്‍ത്തിച്ചില്ലെങ്കില്‍ വിലക്ക് നടപ്പിലാകില്ല. എന്നാല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുകയും ചെയ്യും.

അടുത്ത മാസം അഞ്ചിനാണ് ലോകകപ്പ് മത്സരക്രമങ്ങളുടെയും ഗ്രൂപ്പുകളുടെയും നറുക്കെടുപ്പ് വാഷിംഗ്ടണില്‍ നടക്കുക. ഇതിനുശേഷം മാത്രമെ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ ഗ്രൂപ്പ് ഘട്ട എതിരാളികള്‍ ആരൊക്കെയെന്ന് വ്യക്തമാവു.





Tags: