ആരാധകരെ അധിക്ഷേപിച്ചു; സൗദിയില്‍ നിന്ന് റൊണാള്‍ഡോയെ 'നാടുകടത്തണമെന്ന്' ആവശ്യം

സംഭവത്തില്‍ താരത്തിനെതിരെ അച്ചടക്ക നടപടി വരാന്‍ സാധ്യതയുണ്ടെന്നാണു വിവരം.

Update: 2023-04-20 15:19 GMT

റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. അല്‍ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് 'മെസ്സി, മെസ്സി' എന്നു ചാന്റ് ചെയ്ത ആരാധകര്‍ക്കു നേരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തിരിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇതിനു പിന്നാലെ സൗദി അറേബ്യയിലെ അഭിഭാഷകനായ നൗഫ് ബിന്റ് അഹമ്മദ് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസില്‍ താരത്തിനെതിരെ പരാതി നല്‍കി. ഇതു സംബന്ധിച്ച് അഭിഭാഷകന്‍ ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്. താരത്തെ നാടുകടത്തണമെന്നാണ് ആവശ്യം. സംഭവത്തില്‍ താരത്തിനെതിരെ അച്ചടക്ക നടപടി വരാന്‍ സാധ്യതയുണ്ടെന്നാണു വിവരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സ്‌ട്രൈക്കര്‍ ഒഡിന്‍ ഇഗാലോയുടെ പെനല്‍റ്റി ഗോളുകളിലൂടെയാണ് അല്‍ നസ്‌റിനെതിരെ അല്‍ ഹിലാല്‍ മുന്നിലെത്തിയത്. മത്സരത്തിനിടെ അല്‍ ഹിലാല്‍ താരത്തെ ഫൗള്‍ ചെയ്തതിന്റെ പേരില്‍ റൊണാള്‍ഡോയ്‌ക്കെതിരെ റഫറി മഞ്ഞകാര്‍ഡ് ഉയര്‍ത്തിയിരുന്നു. 56-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഫൗള്‍. അല്‍ ഹിലാലിന്റെ ഗുസ്താവോ ക്യൂലറിനെ റൊണാള്‍ഡോ വലിച്ചു താഴെയിടുകയായിരുന്നു. മല്‍സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു.







Tags: