എവര്‍ട്ടണ്‍ താരം അബ്ദുലായ് ഡൗകൂറിനെതിരായ വംശീയാ അധിക്ഷേപം; അന്വേഷണം നടത്തും

Update: 2025-02-14 10:06 GMT

ഗോഡിസണ്‍പാര്‍ക്ക: കഴിഞ്ഞ ദിവസം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ നടന്ന വംശീയാധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രീമിയര്‍ ലീഗ് അധികൃതര്‍. എവര്‍ട്ടണ്‍ മിഡ്ഫീല്‍ഡര്‍ അബ്ദുലായ് ഡൗകൂറിനെയാണ് കാണികള്‍ വംശീയമായി അധിക്ഷേപിച്ചത്. ലിവര്‍പൂളിനെതിരായ മല്‍സരത്തിനിടെയാണ് സംഭവം. മല്‍സരത്തില്‍ ലിവര്‍പൂളിനെ എവര്‍ട്ടണ്‍ സമനിലയില്‍ കുരുക്കിയിരുന്നു. സഹതാരമായ ജെയിംസ് ടര്‍കോസ്‌കി ലീഡ് ഗോള്‍ നേടിയപ്പോള്‍ കാണികള്‍ക്ക് നേരെ അബ്ദുലായ് ഡൗകൂര്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. എവര്‍ട്ടണ്‍ന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മല്‍സരം.

എന്നാല്‍ ലിവര്‍പൂള്‍ ആരാധകര്‍ അബ്ദുലായ് ഡൗകൂറിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുക്ലബ്ബുകളും അപലപിച്ചു. അന്വേഷണത്തില്‍ ഇരുക്ലബ്ബുകളും സഹകരിക്കുമെന്ന് അറിയിച്ചു. ഫ്രാന്‍സില്‍ ജനിച്ച് മാലി ദേശീയ ടീമിനായി കളിക്കുന്ന താരമാണ് അബ്ദുലായ് ഡൗകൂര്‍. മല്‍സരത്തിന് ശേഷം താരം വിജയഹ്ലാദം നടത്തുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് നേരെയും വംശീയാധിക്ഷേപം നടന്നിരുന്നു. മോശമായ നിരവധി കമ്മന്റുകള്‍ വന്നിരുന്നു. ഇതിനെതിരേയും അന്വേഷണം നടത്തുമെന്നും പ്രീമിയര്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കി. ഉന്നത പോലിസ് ഉദ്ദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇംഗ്ലിഷ് എഫ് എ അറിയിച്ചു.




Tags: