ഓള്ഡ്ട്രോഫോര്ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഷ്ടകാലം തുടരുന്നു. ലീഗിലെ ഏഴാം റൗണ്ട് പോരാട്ടത്തില്‍ യുനൈറ്റഡ് ആഴ്സണലിനോട് 1-1 സമനില വഴങ്ങി. ഏഴ് മല്‍സരങ്ങളില്‍ നിന്നായി യുനൈറ്റഡിന് ഒരു ജയം മാത്രമാണുള്ളത്. ലീഗില്‍ അവര്‍ 10ാം സ്ഥാനത്താണ്. 30 വര്‍ഷത്തിനിടയ്ക്ക് പ്രീമിയര്‍ ലീഗിലെ യുനൈറ്റഡിന്റെ ഏറ്റവും മോശം സ്ഥാനമാണിത്. പരിക്ക് മാറി റാഷ്ഫോര്‍ഡും പോഗ്ബെയും തിരിച്ചെത്തിയെങ്കിലും ടീമിനായി കാര്യപ്പെട്ട മാറ്റം നല്‍കാനായില്ല. മക്ടോമിന് ആണ് 45ാം മിനിറ്റില്‍ യുനൈറ്റഡിനെ മുന്‍പന്തിയിലെത്തിച്ചത്. ഇരുടീമുകളും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയമായിരുന്നു. പതിവുപോലെ യുനൈറ്റഡ് ഇന്നും ഒരു ഗോളിനായി ഏറെ കഷ്ടപ്പെട്ടു. 58ാം മിനിറ്റില്‍ ഒബമെയങാണ് ആഴ്സണലിന് സമനില ഗോള്‍ നേടിക്കൊടുത്തത്. ആഴ്സണല്‍ ഗോളിയുടെ മികച്ച സേവുകളാണ് യുനൈറ്റഡിന് വിനയായത്. ലീഗില്‍ ആഴ്സണല്‍ നാലാം സ്ഥാനത്താണ്.