റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിട്ട് ഇതിഹാസ താരം മാര്‍സെലോയുടെ മകന്‍ എന്‍സോ
മാഡ്രിഡ്: റയല്‍ മാഡ്രിഡുമായി തന്റെ ആദ്യ പ്രൊഫെഷണല്‍ കരാറില്‍ ഒപ്പിട്ട് പതിനാറുകാരനായ എന്‍സോ ആല്‍വസ്. ബ്രസീലിയന്‍ ഫുട്ബാളര്‍ മാര്‍സെലോയുടെ മകനായ എന്‍സോ മാതാപിതാക്കള്‍ക്കൊപ്പമാണ് കരാറില്‍ ഒപ്പുവയ്ക്കാന്‍ എത്തിയത്.
റയല്‍ മഡ്രിഡിന്റെ യൂത്ത് സിസ്റ്റമായ ല ഫാബ്രിക്കയിലെ അംഗമാണ് എന്‍സോ ആല്‍വസ്. അറ്റാക്കിങ്ങ് പ്ലേയറായ എന്‍സോ ഒരു മികച്ച കളിക്കാരനായി ഉയര്‍ന്ന് വരാന്‍ സാധ്യതയുളള എല്ലാ കഴിവുകളുമുള്ള താരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റയലിന്റെ യൂത്ത് ടീം കോച്ചും ഇപ്പോഴത്തെ സീനിയര്‍ ടീമിന്റെ കോച്ചുമായ ആല്‍വാരോ അര്‍ബലോവക്കും താരത്തിന്റെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. ഗോള്‍ സ്‌കോറിങ് മികവും, ക്ലിനിക്കല്‍ ഫിനിഷിങ്ങുകളും കൈമുതലുള്ള താരവുമായി ഒരു ദീര്‍ഘകാല പദ്ധതിയാണ് ക്ലബ് മുന്നില്‍കാണുന്നത്.
യുവനൈല്‍ അണ്ടര്‍ 17 ടീമിലെ മിന്നും പ്രകടനത്തോടെയായിരുന്നു താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ അണ്ടര്‍ 19 ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് മാര്‍സെലോയെ കണക്കാക്കുന്നത്. റയലിനായി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം. മകന്‍ റയലുമായി കരാര്‍ ഒപ്പിട്ടതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നായിരുന്നു മാര്‍സെലോയുടെ പ്രതികരണം.