എന്‍സോ ഫെര്‍ണാണ്ടസിന്റെ വിലക്ക് അന്യായം: താരത്തിന്റെ ഏജന്റ്

Update: 2026-04-04 08:06 GMT

സ്റ്റാംഫോഡ്ബ്രിഡ്ജ്: അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ പൊതുപ്രസ്താവനകളുടെ പേരില്‍ രണ്ട് മല്‍സരങ്ങള്‍ക്ക് ചെല്‍സി വിലക്കിയത് അന്യായമാണെന്ന് ഏജന്റായ ജാവിയര്‍ പാസ്റ്റ്‌റോ അഭിപ്രായപ്പെട്ടു. ഈ വിലക്കിനെ തുടര്‍ന്ന്, ഫെര്‍ണാണ്ടസ് ശനിയാഴ്ച നടക്കുന്ന എഫ്്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ പോര്‍ട്ട് വെല്‍ക്കെതിരെ കളിക്കില്ല. കൂടാതെ അടുത്ത ഞായറാഴ്ച നടക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേയും അദ്ദേഹം കളിക്കില്ല.

''വേള്‍ഡ് കപ്പിന് ശേഷം എന്റെ ഓപ്ഷനുകള്‍ പരിശോധിക്കും'' എന്നും, സ്‌പെയിനില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.ഇതേ തുടര്‍ന്നാണ് ചെല്‍സി അദ്ദേഹത്തെ വിലക്കിയത്.

2032 വരെ കരാറുള്ള 25-കാരനായ ഫെര്‍ണാണ്ടസ്, പരിക്കേറ്റ ക്യാപ്റ്റന്‍ റീസ് ജെയിംസ് ഇല്ലാത്ത സാഹചര്യത്തില്‍ ടീമിനെ നയിച്ചിട്ടുണ്ട്. ''കോച്ച് ഈ തീരുമാനം അറിയിച്ചപ്പോള്‍, അദ്ദേഹം അതിനെ മാനിച്ചു. അദ്ദേഹം വളരെ പ്രൊഫഷണല്‍ ആയ താരമാണ്,'' പാസ്റ്റോറെ കൂട്ടിച്ചേര്‍ത്തു. ''അദ്ദേഹം ഏതെങ്കിലും ക്ലബ്ബിന്റെ പേര് പറഞ്ഞിട്ടില്ല, അല്ലെങ്കില്‍ ചെല്‍സിയെ വിടണമെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ഈ ശിക്ഷ എന്തുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല-ഏജന്റ് വ്യക്തമാക്കി.