ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; വമ്പന്‍മാര്‍ക്ക് അടിതെറ്റി; ചെമ്പടയെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ കരുത്തര്‍ക്ക് അടിതെറ്റി. ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ തോല്‍പിച്ചു. എഡ്ഡി എന്‍കെതിയയുടെ ഇഞ്ചുറിടൈം ഗോളാണ് ലിവര്‍പൂളിനെ ആദ്യ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഒന്‍പതാം മിനിറ്റില്‍ ഇസ്‌മെയ്ല സാര്‍ ആണ് സ്‌കോറിങിന് തുടക്കമിട്ടത്. 87-ാം മിനിറ്റില്‍ കിയേസയിലൂടെയായിരുന്നു ലിവര്‍പൂള്‍ സമനില പിടിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍(90+7 )എഡ്ഡി എന്‍കെതിയ ലിവര്‍പൂളിന്റെ വിധിയെഴുതി വിജയഗോള്‍ നേടി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും പ്രീമിയര്‍ ലീഗില്‍ തോല്‍വി നേരിട്ടു. ബ്രെന്റ്‌ഫോര്‍ഡ് ആണ് യുനൈറ്റഡിനെ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. ഇഗോര്‍ തിയാഗോയുടെ ഡബിളും. ഇഞ്ചുറി ടൈമില്‍ ജയം ഉറപ്പിച്ച മത്യാസ് ജെന്‍സന്റെ ഗോളുമാണ് ബ്രെന്റ്‌ഫോര്‍ഡിന് ജയം സമ്മാനിച്ചത്. ബെഞ്ചമിന്‍ സെസ്‌കോ ആയിരുന്നു യുണൈറ്റഡിന്റെ ആശ്വാസഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ ബ്രൈറ്റണ്‍ ചെല്‍സിയെ വീഴ്ത്തിയതും ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു.എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെല്‍സിയുടെ തോല്‍വി. മാക്‌സിം ഡി സൈപറിന്റെ ഗോളിലൂടെ ബ്രൈറ്റണ്‍ ഒപ്പമെത്തി. ചെല്‍സിയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് 77ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായി(90+10) ഡാനി വെല്‍ബാക്കിന്റെ ഇരട്ടപ്രഹരം. 53ാം മിനിറ്റില്‍ ട്രെവോ ചാലോബ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 10പേരുമായാണ് ചെല്‍സി കളി പൂര്‍ത്തിയാക്കിയത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തു. ഇരട്ടഗോളുമായി എര്‍ലിംഗ് ഹാലന്‍ഡ് തിളങ്ങിയപ്പോള്‍ മത്തേയൂസ് നുനെസിന്റെ ഗോളിനൊപ്പം രണ്ട് സെല്‍ഫുഗോളുകള്‍ കൂടി ആയപ്പോള്‍ ബേണ്‍ലിയുടെ വലനിറഞ്ഞു. ജെയ്ഡന്‍ ആന്തണിയായിരുന്നു ബേണ്‍ലിയുടെ സ്‌കോറര്‍.
