അവസാനിക്കാത്ത വര്‍ണ്ണവെറി; പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ ബേണ്‍മൗത്ത് താരത്തിനെതിരേ വംശീയാധിക്ഷേപം

Update: 2025-08-16 06:11 GMT


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിന്റെ ആദ്യ മല്‍സരത്തില്‍ ബേണ്‍മൗത്ത് ഫോര്‍വേഡ് ആന്റോന്‍ സിമെന്‍യോക്കെതിരേ വംശീയാധിക്ഷേപം. ലിവര്‍പൂളിനെതിരായ മല്‍സരത്തിലാണ് താരം അധിക്ഷേപം നേരിട്ടത്. മല്‍സരത്തിലെ ആദ്യ പകുതിയിലായിരുന്നു സംഭവം. ആക്ഷേപത്തെ തുടര്‍ന്ന് മല്‍സരം അല്‍പ്പനേരം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇരുക്യാപ്റ്റന്‍മാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മല്‍സരം തുടങ്ങുകയായിരുന്നു. സംഭവത്തില്‍ ലിവര്‍പൂള്‍ ക്ലബ്ബ് അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഇംഗ്ലിഷ് എഫ് എ അറിയിച്ചു. ലിവര്‍പൂള്‍ ആരാധകനാണ് താരത്തെ അധിക്ഷേപിച്ചത്. ഘാനന്‍ താരമായ തനിക്ക് ഇന്‍സ്റ്റഗ്രാമിലും വംശീയമായ അധിക്ഷേപം നേരിട്ടതായി താരം വ്യക്തമാക്കി.ഇത് എന്ന് അവസാനിക്കുമെന്നും താരം ഇന്‍സ്റ്റയില്‍ കുറിച്ചു.ബേണ്‍മൗത്തിനായി താരം പിന്നീട് ഇരട്ട ഗോള്‍ നേടിയിരുന്നു.മല്‍സരത്തില്‍ ലിവര്‍പൂള്‍ 4-2ന് ജയിച്ചിരുന്നു. രണ്ടുദിവസം മുമ്പ് ടോട്ടന്‍ഹാം താരം മാത്തയസ് ടെലും സോഷ്യല്‍ മീഡിയയില്‍ വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു.

Tags: