സൂപ്പര്‍ സണ്‍ഡേയില്‍ എല്‍ക്ലാസ്സിക്കോ; ബെര്‍ണബ്യൂവില്‍ ചിരവൈരികള്‍ നേര്‍ക്ക്‌നേര്‍
സാന്റിയാഗോ ബെര്‍ണബ്യൂ: സ്പാനിഷ് ലീഗില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ന് നടക്കും. ലാ ലിഗയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം 8.45നാണ് കിക്കോഫ്. നിലവില്‍ ലാലിഗ പട്ടികയിലും ഇരുവരുടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒമ്പത് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ 24 പോയിന്റുമായി റയല്‍ ഒന്നാമതും 22 പോയിന്റുമായി ബാഴ്സ രണ്ടാമതുമാണ്.
കളത്തിലിറങ്ങും മുന്‍പേ എല്‍ ക്ലാസിക്കോ ഇതിനോടകം തന്നെ ആവേശ കൊടുമുടിയിലെത്തിക്കഴിഞ്ഞു. ബാഴ്‌സയുടെ കൗമാര താരം ലാമിന്‍ യമാലിന്റെ പ്രസ്താവനകള്‍ റയല്‍ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ മത്സരം മോഷ്ടിക്കും, എന്നിട്ട് അവര്‍ തന്നെ പരാതി നല്‍കുമെന്നുമാണ് യമാല്‍ പറഞ്ഞത്.
കഴിഞ്ഞ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിനെ കുറിച്ചും യമാല്‍ ആത്മവിശ്വാസത്തോടെ സംസാരിച്ചു. വരും എല്‍ ക്ലാസിക്കോയിലും ബാഴ്സയുടെ ആധിപത്യം തുടരുമെന്ന് യമാല്‍ വ്യക്തമാക്കിയതോടെ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് ചൂടേറിയിരിക്കുകയാണ്. യമാലിന് റയല്‍ സ്വന്തം തട്ടകത്തിലിട്ട് മറുപടി നല്‍കുമോയെന്നും ബാഴ്‌സ വിജയക്കുതിപ്പ് തുടരുമോയെന്നും കാത്തിരിക്കാം.