ഡിഗോ കോസ്റ്റയുടെ കരാര്‍ റദ്ദാക്കി അത്ലറ്റിക്കോ മാഡ്രിഡ്
2022 വരെയായിരുന്നു ഡിഗോയുടെ കരാര്‍.
മാഡ്രിഡ്: സ്ട്രൈക്കര്‍ ഡിഗോ കോസ്റ്റയുടെ കരാര്‍ അവസാനിപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് . സ്പെയിന് താരമായ ഡിഗോയുടെ ആവശ്യപ്രകാരമാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് കോച്ച് സിമിയോണി വ്യക്തമാക്കി. 2022 വരെയായിരുന്നു ഡിഗോയുടെ കരാര്‍. 32 കാരനായ കോസ്റ്റ 17ാം വയസ്സിലാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്. 2010 മുതല്‍ 2014 വരെയാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യമായി കളിച്ചത്. തുടര്‍ന്ന് റയോ വോള്‍ക്കാനയ്ക്ക് വേണ്ടി ലോണില്‍ പോയ താരം പിന്നീട് ചെല്‍സിക്ക് വേണ്ടി മൂന്ന് സീസണുകള്‍ കളിച്ചു. ചെല്‍സിയോടൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുണ്ട്. തുടര്‍ന്ന് 2018ല്‍ വീണ്ടും അത്ലറ്റിക്കോയില് എത്തി. മുന്‍ ബാഴ്സലോണാ താരം ലൂയിസ് സുവാരസ് എത്തിയതോടെ അത്ലറ്റിക്കോയില് ഡിഗോയുടെ അവസരം കുറയുകയായിരുന്നു. ബ്രസീലില്‍ ജനിച്ച ഡിഗോ ബ്രസീലിന് വേണ്ടിയാണ് ആദ്യം കളിച്ചത്. പിന്നീടാണ് താരം സ്പെയിനിലേക്ക് കൂടുമാറുന്നത്.