119 വര്‍ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില്‍ പുതുചരിത്രമെഴുതി ക്രിസ്റ്റല്‍ പാലസ്; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് എഫ് എ കപ്പില്‍ മുത്തം
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് എഫ് എ കപ്പില്‍ ചാംപ്യന്‍മാരായി ക്രിസ്റ്റല്‍ പാലസ്. ചരിത്രത്തിലെ ക്രിസ്റ്റല്‍ പാലസിന്റെ ആദ്യ മേജര്‍ കിരീടമാണ്. ഫൈനലില്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പാലസ് തകര്‍ത്തത്. വെംബ്ലിയില്‍ നടന്ന മല്‍സരത്തില്‍ 17ാം മിനിറ്റില്‍ എബറേഷി ഇസയാണ് പാലസിന്റെ വിജയഗോള്‍ നേടിയത്. 1905 മുതലുള്ള ഒരു കിരീടമെന്ന സ്വപ്‌നമാണ് വെംബ്ലിയില്‍ പാലസ് അവസാനിപ്പിച്ചത്. 1990ലും 2016ലും എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു.
36ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സമനില പിടിക്കാനുള്ള സുവര്‍ണാവസരം സിറ്റി നഷ്ടപ്പെടുത്തി. ബെര്‍ണാഡോ സില്‍വയെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു സിറ്റിക്ക് അനുകൂലമായ പെനാല്‍റ്റി. പക്ഷേ കിക്കെടുത്ത ഒമര്‍ മര്‍മോഷിന്റെ ഷോട്ട് പാലസ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സന്‍ കിടിലനൊരു ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ഹെന്‍ഡേഴ്സന്റെ മികവാണ് പാലസിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ 79 ശതമാനം സമയവും പന്ത് വരുതിയില്‍ വെച്ചത് സിറ്റിയായിരുന്നു. 22 ഗോള്‍ ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. പാലസാവട്ടെ ഏഴുതവണമാത്രമാണ് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് ഷോട്ടുതിര്‍ത്തത്.
ഈ സീസണോടെ ക്ലബ് വിടുന്ന കെവിന്‍ ഡിബ്രുയിന് കിരീട നേടത്തോടെ ഒരു യാത്രയയപ്പ് നല്‍കാനുള്ള സിറ്റിയുടെ ശ്രമവും പാഴായി. എഫ്എ കപ്പും നഷ്ടമായതോടെ പെപ് ഗ്വാര്‍ഡിയോളയുടെ സംഘത്തിന് ട്രോഫിയില്ലാത്ത സീസണായി ഇത്.

