ക്രിസ്റ്റിയാനോയ്ക്ക് ഹാട്രിക്; പ്രീ-സീസണ്‍ മല്‍സരത്തില്‍ അല്‍-നസ്‌റിന് മിന്നും ജയം
ഫാറോ: പ്രീ-സീസണ്‍ സൗഹൃദ മല്‍സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ റിയോ ഏവിനെതിരെ അല്‍ നസറിന് മിന്നും ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്് സൗദി ക്ലബ്ബ് അല്‍-നസ്‌റിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് നേട്ടവുമായി കളം നിറഞ്ഞു. പോര്‍ച്ചുഗലിലെ എസ്റ്റാഡിയോ ഡോ അല്‍ഗാര്‍വെയില്‍ വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം പുതിയ താരം ജാവോ ഫെലിക്‌സും മികച്ച പ്രകടനം കാഴ്ചവച്ചു.
⚽ | Third goal for AlNassr!
— AlNassr FC (@AlNassrFC_EN) August 7, 2025
Scored by Cristiano Ronaldo 🐐
63' | ⏱️ pic.twitter.com/BZIk3MW4h3
2024-25 സീസണില്‍ 25 ഗോളുകളുമായി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോററായതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ മത്സരത്തിലുടനീളം സജീവമായിരുന്നു. കളിയുടെ 15-ാം മിനിറ്റില്‍ മുഹമ്മദ് സിമാകാനിലൂടെയാണ് അല്‍-നസ്ര്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ജാവോ ഫെലിക്‌സിന്റെ ഹെഡ്ഡറിലൂടെ ലഭിച്ച പന്ത് സിമാക്കാന്‍ അനായാസം വലയിലെത്തിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെ, ബോക്‌സിനുള്ളില്‍ ജാവോ ഫെലിക്‌സുമായി ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ റൊണാള്‍ഡോ അല്‍-നസ്‌റിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
63-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ വച്ച് നെല്‍സണ്‍ ആബിയുടെ കയ്യില്‍ പന്ത് തട്ടിയതിന് അല്‍-നസ്‌റിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. റൊണാള്‍ഡോ കിക്കെടുക്കാന്‍ സാദിയോ മാനെയെ ഏല്‍പ്പിച്ചെങ്കിലും, മാനെയുടെ ദുര്‍ബലമായ ഷോട്ട് റിയോ ഏവ് ഗോള്‍കീപ്പര്‍ സെസാരി മിസ്റ്റ എളുപ്പത്തില്‍ തട്ടിയകറ്റി. എന്നാല്‍, ഈ നഷ്ടത്തിന് 16 സെക്കന്‍ഡുകള്‍ക്കകം റൊണാള്‍ഡോ പ്രായശ്ചിത്തം ചെയ്തു. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ അദ്ദേഹം ടീമിന്റെ മൂന്നാം ഗോള്‍ നേടി.
അഞ്ച് മിനിറ്റിന് ശേഷം, ബോക്‌സിനുള്ളില്‍ വെച്ച് ജാവോ ഫെലിക്‌സിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ തന്നെ ഏറ്റെടുത്തു. പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ തന്റെ ഹാട്രിക് തികയ്ക്കുകയും അല്‍-നസ്‌റിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

