ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്; ഈ മാസം 22ന് എഫ് സി ഗോവയ്‌ക്കെതിരേ കളിക്കും, എത്തുന്നത് അല്‍നസറിനൊപ്പം
പനജി: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ്ബ് അല്‍ നസ്ര്‍ താരമായ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ അല്‍ നസ്ര്‍ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാള്‍ഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ റൊണാള്‍ഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നല്‍കിയെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.
റൊണാള്‍ഡോ കളിക്കാന്‍ എത്തുമെന്ന് എഫ് സി ഗോവയുടെ സിഇഒ രവി പുസ്‌കറാണ് വ്യക്തമാക്കിയത്. റൊണാള്‍ഡോ വരുന്നതിനാല്‍ മല്‍സരത്തിന് കൂടുതല്‍ സുരക്ഷാ ആവശ്യമാണെന്ന് എഫ് സി ഗോവ മാനേജ്‌മെന്റ് പോലിസിനോട് ആവശ്യപ്പെട്ടു. എഎഫ്സി ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അല്‍ സവാരക്കുമെതിരായ അല്‍ നസ്‌റിന്റെ ആദ്യ രണ്ട് മല്‍സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ് സി ഗോവക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്‌റിനെ നയിക്കുമെന്നാണ് സൂചനകള്‍.
റൊണാള്‍ഡോയ്‌ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്‌സ്, കിംഗ്‌സ്‌ലി കോമാന്‍ തുടങ്ങി വമ്പന്‍ താരങ്ങളും അല്‍ നസര്‍ നിരയിലുണ്ടാവും. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ പോയന്റോ ഗോളുകളോ ഒന്നും നേടാന്‍ ഗോവക്കായിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അല്‍ നസ്ര്‍ ആണ് ഒന്നാമത്. ഗോവക്കെതിരായ മത്സരങ്ങള്‍ ജയിച്ച് മൂന്ന് പോയന്റ് വീതമുള്ള അല്‍ സവാര രണ്ടാമതും ഇസ്റ്റിക്ലോള്‍ മൂന്നാമതുമാണ്.
