റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ നസ്‌റുമായുള്ള കരാര്‍ അവസാനിപ്പിക്കാനൊരുങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നിലവില്‍ 2027 വരെ താരത്തിന് ക്ലബ്ബുമായി കരാര്‍ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റ്യാനോയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും ഇതു രൂക്ഷമായതോടെ താരം ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നതായും സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അല്‍ നസ്‌റിന്റെ കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. പിന്നാലെ ടീമിന്റെ പരിശീലന സെഷനില്‍ നിന്നും നാല്‍പത്തിയൊന്നുകാരന്‍ താരം വിട്ടുനിന്നു. ഇതോടെയാണ് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. ലീഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) അല്‍ നസ്‌റിനോടു പക്ഷപാതം കാട്ടുന്നതായും ടീമിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാന്‍ അനുവദിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പരാതിപ്പെട്ടതായാണ് വിവരം. ഇത് ലീഗ് സംഘാടകരെ ചൊടിപ്പിച്ചു.
ക്രിസ്റ്റ്യാനോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പില്‍ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊ ലീഗ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതോടെയാണ് കാര്യങ്ങള്‍ വഷളായത്. തന്റെ പഴയ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിപ്പോകാനും അവിടെ വച്ച് വിരമിക്കാനും ക്രിസ്റ്റ്യാനോ താല്‍പര്യപ്പെടുന്നതായും റിപോര്‍ട്ടുകളുണ്ട്. 2023ല്‍ അല്‍ നസ്‌റിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ടീമിനൊപ്പം ഇതുവരെ ഒരു പ്രധാന കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല.
