ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ ബ്രസീല്‍ ക്ലബ്ബില്‍ നിന്നും ഓഫര്‍
സാവോപോളോ: പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ബ്രസീലിയന്‍ ക്ലബ്ബില്‍ നിന്നും ഭീമന്‍ ഓഫര്‍. ഈ സീസണിലെ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനാണ് താരത്തിന് ബ്രസീലിയന്‍ ക്ലബ്ബില്‍ നി്ന്നും ഓഫര്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ അല്‍ നസര്‍ താരമായ റൊണാള്‍ഡോ ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പിടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ബ്രസീലിയന്‍ ക്ലബ്ബിന്റെ ഓഫര്‍.
ഈ സമ്മറില്‍ താരത്തിന്റെ അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കും. 40കാരനായ റൊണാള്‍ഡോ അല്‍ നസറിനൊപ്പം മൂന്ന് സീസണില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലീഗ് ടൈറ്റില്‍ നേടാന്‍ ടീമിനായിരുന്നില്ല. അല്‍ ഇത്തിഹാദാണ് സൗദി പ്രോ ലീഗില്‍ ഇത്തവണ കിരീടം നേടിയത്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലെ അടുത്ത സീസണിലേക്ക് യോഗ്യത നേടാനും അല്‍ നസറിനായില്ല. ബ്രസീലിയന്‍ ക്ലബ്ബിനോട് താരം ആവശ്യപ്പെട്ടതനുസരിച്ചാണ് ടീം പുതിയ നീക്കമെന്നാണ് സൂചന. പാല്‍മിറാസ്, ഫ്‌ളെമെംഗോ, ഫ്‌ളുമിന്‍സേ, ബൊട്ടോഫോഗോ എന്നീ ക്ലബ്ബുകളാണ് ക്ലബ്ബ് ലോകകപ്പിനായി കളിക്കുന്നത്. ഇതില്‍ ഏത് ക്ലബ്ബിലേക്കാണ് താരത്തിന് ഓഫര്‍ ലഭിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമിയും ഇത്തവണ ക്ലബ്ബ് ലോകകപ്പിനുണ്ട്.പാല്‍മിറാസ് ക്ലബ്ബും ഇന്റര്‍മയാമിയും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്.